വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ ഡല്‍ഹിയില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊഴില്‍രഹിതനായ 25കാരനാണ് പിടിയിലായത്. വിമാനക്കമ്പനികള്‍ക്ക് ഇത്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. കഴിഞ്ഞയാഴ്ച മുംബൈ പോലീസ് 17കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒക്‌ടോബര്‍ 14 മുതല്‍ 275ലധികം വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്.
ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലര്‍ച്ചയ്ക്കും ഇടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍നിന്ന് രണ്ട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗര്‍ ഏരിയയിലെ രാജപുരിയില്‍ നിന്നുള്ള ശുഭം ഉപാധ്യായയുടേതാണ് അക്കൗണ്ട് എന്ന് പോലീസ് കണ്ടെത്തി. ഉപാധ്യായയെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ടെലിവിഷനില്‍ ഭീഷണി കോളുകളുടെ റിപ്പോര്‍ട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് തന്നിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനാണ് ഭീഷണി മുഴക്കിയതെന്ന് പിടിയിലായ ഡല്‍ഹി സ്വദേശി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
25 കാരനായ ഉപാധ്യായ തൊഴില്‍രഹിതനാണെന്നും പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ 16 നാണ് ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയായ 17 കാരനെ മുംബൈ പോലീസ് പിടികൂടിയത്. ഒക്ടോബര്‍ 14 ന് നാല് വിമാനങ്ങള്‍ക്ക് വിദ്യാര്‍ഥി ഭീഷണി സന്ദേശം അയച്ചിരുന്നു. പണത്തെച്ചൊല്ലി സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് ശേഷമാണ് കൗമാരക്കാരന്‍ എക്‌സ് അക്കൗണ്ട് ഉണ്ടാക്കി ഭീഷണി സന്ദേശം അയച്ചത്. നാല് ഫ്‌ളൈറ്റുകളില്‍ രണ്ടെണ്ണം ഭീഷണിയെ തുടര്‍ന്ന് വൈകിയിരുന്നു.