ന്യൂഡല്‍ഹി: ഡൽഹിയിലെ നിരവധി ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ളവയില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. ചാണക്യമാള്‍, സെലക്ട് സിറ്റിവാക്, അംബിയന്‍സ് മാള്‍, ഡിഎല്‍എഫ്, സിനി പൊളീസ്, പസഫിക് മാള്‍, പ്രൈമസ് ഹോസ്പിറ്റല്‍, യൂണിറ്റി ഗ്രൂപ്പ് എന്നിവിടങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌ഫോടനം നടക്കുമെന്ന സന്ദേശമാണ് ലഭിച്ചത്. മാള്‍ അധികൃതര്‍ ഡല്‍ഹി പോലീസിനെ ഉടന്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹി പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ബോംബ് സ്‌ക്വാഡും അഗ്നിശമനസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഭീഷണി സന്ദേശം ഉള്‍പ്പെട്ട ഇ-മെയിലുകള്‍ പല മാളുകളിലേക്കും അയച്ചിട്ടുള്ളതായി പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
അന്വേഷണം തുടരുന്നുണ്ടെന്നും വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ സൈബര്‍ ടീമുകള്‍ ഇ-മെയില്‍ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനിടെ, ബോംബ് ഭീഷണിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയോ ഇ-മെയിലിലൂടെയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗുരുഗ്രാം പോലീസ് അറിയിച്ചു. ഓഗസ്റ്റ് രണ്ടിന് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ഒരു സ്‌കൂളിന് ബോംബ് ഭീഷണി ഇ-മെയില്‍ വഴി ലഭിച്ചിരുന്നുവെങ്കിലും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.