വിദേശത്ത് നിന്നും ബോംബ് ഭീഷണി: സഹായം തേടി ഇന്ത്യ

വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഇന്നലെ കോഴിക്കോട് ദമാം ഉള്‍പ്പെടെ അന്‍പത് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.

author-image
Prana
New Update
flight

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ. വിദേശത്ത് നിന്നും ഫോണ്‍ കോളുകളെത്തുന്നതോടെയാണ് നീക്കം. ഇന്നലെ കോഴിക്കോട് ദമാം ഉള്‍പ്പെടെ അന്‍പത് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.ഒക്ടോബര്‍ പതിനാല് മുതല്‍ ആകെ 350നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തില്‍ ഇതുവരെ 2 പേരെ അറസ്റ്റ് ചെയ്തു. വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഭീഷണി സന്ദേശങ്ങള്‍ എത്തുമ്പോഴും ഉറവിടം കണ്ടെത്താനോ പ്രതികളിലേക്ക് എത്താനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഐബി അടക്കം ഏജന്‍സികള്‍ വിദേശ ഏജന്‍സികളുടെ സഹായം തേടിയത്. ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് ഏജന്‍സികളുടെ നിഗമനം.വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് കണ്ടെത്താനാകുമെന്നാണ് വിലയിരുത്തല്‍. യുകെ, ജര്‍മ്മനി രാജ്യങ്ങളുടെ ഐപി വിലാസത്തിലാണ് പല ഭീഷണികളും എത്തിയത്. ഇവയുടെ ഉറവിടം തേടി എക്‌സ് അടക്കം സാമൂഹിക മാധ്യമങ്ങള്‍ക്ക് പൊലീസ് കത്ത് നല്‍കിയിരുന്നു.
മാത്രമല്ല അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കുറ്റകൃത്യമായി കണക്കാക്കുമെന്നും സര്‍ക്കാര്‍ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ക്ക് കൂടാതെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകള്‍ക്കും ഭീഷണി സന്ദേശം ലഭിക്കുന്നത് പ്രതിസന്ധിയാകുകയാണ്.

india flights fake bomb threat