വെള്ളപ്പതയുമായി ഉയർന്നുപൊന്തുന്ന തിരമാലയ്‌ക്ക് പെട്ടെന്ന് നല്ല നീല നിറം. ചെന്നൈ ഇസിആർ ബീച്ചിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് നീലത്തിരമാല അടിച്ചത്. രാത്രിയിലുണ്ടായ പ്രതിഭാസം കാണാൻ നിരവധിപേർ ബീച്ചിലെത്തി. എൽഇഡി ലൈറ്റ് നൽകിയപോലെ സ്വാഭാവികമായുണ്ടായ നീലത്തിരമാല എന്താണെന്ന് പലരും ആശ്ചര്യപ്പെട്ടു. സംഭവം ബയോലുമിനസെൻസ് അഥവാ ജൈവപ്രകാശം എന്ന പ്രതിഭാസമാണ്.
സത്യത്തിൽ ഒരു തരം സൂക്ഷ്മജലജീവികളാണിങ്ങനെ തിളങ്ങി നില്‍ക്കുന്നത്. ഡൈനോഫ്ലാഗല്ലെറ്റ്സ് എന്ന ഇനത്തിൽപ്പെട്ട പ്രത്യേകതരം തരം കടൽ സസ്യമാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള കോശങ്ങളോട് കൂടിയ ഇവ സൂര്യകിരണങ്ങൾ ആഗിരണം ചെയ്യുന്നതിന് വേണ്ടി കൂട്ടമായി സമുദ്രത്തിന്റെ ഉപരിതലത്തിലേക്കെത്തുകയും രാത്രികാലങ്ങളിൽ നിയോൺ നിറത്തിൽ പ്രകാശിക്കുകയുമാണ് ചെയ്യുന്നത്. ഒരു ലിറ്റർ സമുദ്ര ജലത്തിൽ 20 മില്യൺ കോശങ്ങൾ എന്ന എന്ന നിലയിലേക്ക് ഇവയുടെ എണ്ണം വർധിച്ചതോടെ രാത്രികാലങ്ങളിൽ അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ ഈ പ്രതിഭാസം സംഭവിക്കാറുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും അതിശൈത്യ മേഖലയായ അലാസ്കയിലുമെല്ലാം ഒരാഴ്ച മുതൽ ഒരു മാസത്തിലധികം സമയം വരെ ഈ ആൽഗകളുടെ സാന്നിധ്യമുണ്ടാകാറുണ്ട്. നാലുവർഷം മുമ്പ് കാലിഫോർണിയയിൽ ഒരു പതിറ്റാണ്ടിനുള്ളിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ബയോലുമിനസെൻസ് ഉണ്ടായിരുന്നു.