കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജെയിന് ജാമ്യം. റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2023 മേയില്‍ സുപ്രീംകോടതി ആരോഗ്യ കാരണങ്ങളാല്‍ ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
പിന്നീട് ജെയിന്‍ നല്‍കിയ സാധാരണ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
വിചാരണയുടെ കാലതാമസവും 18 മാസത്തെ ജയില്‍ വാസവും കണക്കിലെടുത്ത്, വിചാരണ ആരംഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ജെയിന്‍ ജാമ്യത്തിന് അര്‍ഹനാണെന്ന് പ്രത്യേക കോടതി ജഡ്ജി വിശാല്‍ ഗോഖ്‌നെ വിധിച്ചു.. 50000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു.
വ്യത്യസ്ത കേസുകളിലായി ജാമ്യം ലഭിക്കുന്ന മൂന്നാമത്തെ ആം ആദ്മി പാര്‍ട്ടി നേതാവാണ് സത്യേന്ദര്‍ ജെയിന്‍. കഴിഞ്ഞ മാസമാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ഓഗസ്റ്റില്‍ മനിഷ് സിസോദിയയ്ക്കും ജാമ്യം ലഭിച്ചിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും ജയിലിലായത്.
2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങാനും ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമികള്‍ വാങ്ങിക്കൂട്ടിയതിന്റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് കണ്ടെത്തല്‍. ജെയിന്റെ 4.81 കോടി രൂപയുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിരുന്നു.