ന്യൂഡൽഹി: ആർഎസ്എസിന്റെ സഹായത്തോടെ ബിജെപി നിലനിന്ന കാലംകഴിഞ്ഞുപോയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ആർഎസ്എസിന്റെ സഹായം ആവശ്യമായിരുന്ന കാലത്തിൽനിന്ന് ബിജെപി വളർന്നുകഴിഞ്ഞു.ഇപ്പോൾ ബിജെപിയ്ക്ക് സ്വയം പ്രാപ്തിയുണ്ടെന്നും ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നദ്ദ പറഞ്ഞു. ആർഎസ്എസ് ആശയങ്ങളിൽനിന്ന് നരേന്ദ്ര മോദി, അമിത് ഷാ അടക്കമുള്ള നേതാക്കൾ അകലുന്നതായുള്ള ആർഎസ്എസ് അനുഭാവികള്ളുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
''തുടക്കത്തിൽ ഞങ്ങൾക്ക് ശക്തി കുറവായിരുന്നു. ആർഎസ്എസിനെ ആവശ്യമായിരുന്നു. ഇന്ന് ഞങ്ങൾ വളർന്നു. ഇന്ന് ഞങ്ങൾ ശേഷിയുള്ളവരാണ്. ബിജെപി സ്വന്തമായി പ്രവർത്തിക്കുന്നു. അതാണ് ഇപ്പോഴുള്ള വ്യത്യാസം,'' നദ്ദ പറഞ്ഞു. അടൽ ബിഹാരി വാജ്പേയിയുടെ കാലത്തുനിന്ന് ബിജെപിയിലെ ആർഎസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി.
ആർഎസ്എസ് സാംസ്‌കാരിക, സാമൂഹിക സംഘടനയും ബിജെപി രാഷ്ട്രീയ സംഘടനയുമാണ്. ആർഎസ്എസ് ഒരു പ്രത്യയശാസ്ത്ര സംഘടനയാണ്. ബിജെപി സ്വന്തം രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.അതാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടതെന്നും നദ്ദ പറഞ്ഞു. അതെസമയം മഥുരയിലും കാശിയിലും ക്ഷേത്രങ്ങൾ നിർമിക്കാനുള്ള പദ്ധതിയോ ആശയമോ ബിജെപിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം മോദി സർക്കാരിന്റെ കാലത്ത്, ബിജെപി ആർഎസ്എസ് നയങ്ങളിൽനിന്ന് വ്യതിചലിക്കുന്നതായും അതിന്റെ ആശയങ്ങൾ നടപ്പാക്കാൻ പരിശ്രമിക്കുന്നില്ലെന്നും ആർഎസ്എസിനോട് ചേർന്നുനിൽക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമർശിച്ചിരുന്നു.പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസർക്കാർ നയങ്ങളിൽ ആർഎസ്എസിന് കടുത്ത എതിർപ്പുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.