ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചത് കേജ്‌രിവാളിന്റെ പിആർ സ്റ്റണ്ടാണെന്ന ആരോപണവുമായി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചശേഷം പുറത്തെത്തിയ കേജ്‌രിവാൾ ഇന്ന് പാർട്ടി ഓഫിസ് സന്ദർശിച്ചശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചപ്പോഴാണ് രാജി പ്രഖ്യാപിച്ചത്.
‘‘ഡൽഹിയിലെ ജനങ്ങളുടെ മനസ്സില്‍ കേജ്‌രിവാളിന്റെ പ്രതിച്ഛായ അഴിമതിക്കാരന്റേതാണ്. സത്യസന്ധനായ നേതാവിന്റേതല്ല. ഇന്ന് എഎപി എന്നത് രാജ്യത്തെ അഴിമതി പാർട്ടിയായി. ആ പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള പിആർ തന്ത്രമാണിത്. സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരാനാണ് കേജ്‌രിവാൾ നോക്കുന്നത്. മൻമോഹൻ സിങ്ങിനെ ഡമ്മി പ്രധാനമന്ത്രിയാക്കി സർക്കാരിനെ പിന്നണിയിൽനിന്ന് നയിച്ചത് അവരാണ്. ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ ആംആദ്മി പാർട്ടി പരാജയപ്പെടും. ജനങ്ങൾ അവരുടെ പേരിൽ വോട്ടു കൊടുക്കില്ല. അതുകൊണ്ട് അവർക്കൊരു വേട്ടമൃഗത്തെവേണം’’ – പ്രദീപ് ഭണ്ഡാരി പറഞ്ഞു.