'പാർട്ടിയുടെ പേരിൽ പരാമർശങ്ങൾ നടത്താൻ അധികാരമില്ല'; കങ്കണയ്‌ക്ക് ബിജെപിയുടെ പരസ്യ ശകാരം

കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു.

author-image
Greeshma Rakesh
New Update
kangana

bjp condemns kangana ranauts 3 farm laws statement amid congress wrath

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: പിൻവലിച്ച കർഷക നിയമങ്ങൾ തിരികെകൊണ്ടുവരണമെന്ന പരാമർശത്തിൽ മാണ്ഡി എംപി കങ്കണ റണാവത്തിനെ ശകാരിച്ച് ബിജെപി. പാർട്ടിയുടെ പേരിൽ നിന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്നാണ് ബിജെപിയുടെ ശകാരം.കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു.

'സമൂഹമാധ്യമങ്ങളിൽ ബിജെപി എംപി കങ്കണ റണാവത് പിൻവലിച്ച കർഷക നിയമങ്ങളെ കുറിച്ച് നടത്തിയ പരാമർശം വ്യാപകമായി പ്രചരിക്കുകയാണ്. എംപി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. ബിജെപിയുടെ പേരിൽ ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണ റണാവത്തിന് അധികാരമില്ല. കർഷക നിയമങ്ങളിൽ ബിജെപിയുടെ നിലപാട് ഇതല്ല,' ഭാട്ടിയ പറഞ്ഞു.

അതെസമയം ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കി കങ്കണ തന്നെ രം​ഗത്തെത്തി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കർഷക നിയമങ്ങൾ തിരികെ ​കൊണ്ടുവരണമെന്നും കർഷകർ തന്നെ ഇത് ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപിക്കും കങ്കണയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൽ രം​ഗത്തെത്തിയിരുന്നു. കങ്കണ മാനസികമായി അസ്ഥിരയാണെന്ന് തോന്നുന്നുവെന്നായിരുന്നു പഞ്ചാബ് കോൺ​ഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജയുടെ പ്രതികരണം.

ഇതിനുമുമ്പും കങ്കണയുടെ വാദങ്ങൾ തള്ളി ബിജെപി രം​ഗത്തെത്തിയിരുന്നു. 2020-21ൽ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള കങ്കണയുടെ പരാമർശം വൻവിവാദമായിരുന്നു. 
ഇതിനെതിരെയും പ്രതിപക്ഷം രം​ഗത്തെത്തിയതോടെ കങ്കണയെ പരസ്യമായി ബിജെപി ശാസിച്ചിരുന്നു.

എംപിക്ക് പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അനുവാദമോ അധികാരമോ ഇല്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ബിജെപി നേതാവും എംപിയുമായ കങ്കണ റണാവത്തിന്റെ പരാമർശം പാർട്ടിയുടെ അഭിപ്രായമല്ല. കങ്കണയുടെ വാദത്തെ പാർട്ടി എതിർക്കുന്നുവെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. സമാന ശാസനയാണ് ഇക്കുറിയും ബിജെപി കങ്കണയ്ക്ക് നൽകിയിരിക്കുന്നത്.

 

BJP kangana ranaut farmers protest