ഹരിയാനയിൽ ബിജെപി സ്ഥാനാർഥികൾക്കുനേരെ ചെരുപ്പെറിഞ്ഞ് കർഷകർ

റാതിയ, ഹിസാർ മണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥികളെ ജനങ്ങൾ ഓടിച്ചിടുകയും ചെരുപ്പൂരി എറിയുകയുമായിരുന്നു.

author-image
anumol ps
New Update
bjp flag

 

 

ന്യൂഡൽഹി: ഹരിയാനയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സ്ഥാനാർഥികൾക്ക് നേരെ ചെരുപ്പെറിഞ്ഞ് പ്രതിഷേധിച്ച് കർഷകർ. കർഷക പ്രതിഷേധങ്ങളെ അവ​ഗണിച്ച് മുന്നോട്ട് പോയ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് ഹരിയാനയിൽ ഉയരുന്നത്. റാതിയ, ഹിസാർ മണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥികളെ ജനങ്ങൾ ഓടിച്ചിടുകയും ചെരുപ്പൂരി എറിയുകയുമായിരുന്നു.

റാതിയയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി സുനിത ദു​ഗ്​ഗലിനെ കർഷകർ ഓടിച്ചിട്ട് പിടിക്കുകയും ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരിൽ സത്യമുണ്ടെന്ന് പറയിപ്പിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഖനൗരി അതിർത്തിയിൽ വെടിയേറ്റ് മരിച്ച പഞ്ചാബിലെ കർഷകൻ ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി പറയാതായതോടെയാണ് മുൻ എംപി കൂടിയായ ദു​ഗ്​ഗലിനെതിരെ കർഷകർ പ്രതിഷേധം കടുപ്പിച്ചത്. ഇതിനിടെ സുരക്ഷ ഉദ്യോ​ഗസ്ഥർ ദു​ഗ്​ഗലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓടിച്ചുവിടുകയായിരുന്നു. ലാംബയിൽ നടന്ന പരിപാടിക്കിടെയായിരുന്നു ദു​ഗ്​ഗലിനെതിരായ പ്രതിഷേധം. പ്രതിഷേധക്കാർക്ക് പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞതിന് ദു​ഗ്​ഗലിന് മാപ്പും പറയേണ്ടി വന്നിരുന്നു.

ദു​ഗ്​ഗലിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകളുണ്ടെന്നാണ് സൂചന. മുൻ എംഎൽഎ ലക്ഷ്മൺ ദാസിന്റെ അനുയായികളാണ് ദു​ഗ്​ഗലിനെതിരെ രം​ഗത്തുള്ളത്. റാതിയയിൽ ലക്ഷ്മൺ ദാസിനെ തഴഞ്ഞായിരുന്നു ദു​ഗ്​ഗലിന് സീറ്റ് നൽകിയത്. ഇതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ലക്ഷമൺ ദാസ് ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്നിരുന്നു, ഇതിന് പിന്നാലെയാണ് ദു​ഗ്​ഗലിന് നേരെ നാട്ടുകാരും രം​ഗത്തെത്തിയത്.

ഹിസാറിൽ ബിജെപി സ്ഥാനാർത്ഥി ഡോ. കമാൽ ​ഗുപ്തയ്ക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞാണ് കർഷകർ പ്രതിഷേധം അറിയിച്ചത്. ബദ്വാലി ധാനി ​ഗ്രാമത്തിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു കമാൽ ​ഗുപ്തയ്ക്ക് നേരെ ചെരുപ്പേറുണ്ടായത്. ചെരുപ്പ് ദേഹത്ത് കൊണ്ടെങ്കിലും അദ്ദേഹം പ്രസം​ഗം തുടരുകയായിരുന്നു. ചെരുപ്പ് എറിഞ്ഞയാളെ പിടികൂടിയതിന് പിന്നാലെ സംഭവം എതിർകക്ഷികളുടെ ​ഗൂഢാലോചനയാണെന്നായിരുന്നു ​ഗുപ്തയുടെ പ്രതികരണം.

ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.

farmers bjp candidates haryana election