ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 67 അംഗ സ്ഥാനാര്‍ഥിപ്പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉള്‍പ്പെടെ നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചു. അതേസമയം രണ്ടു മന്ത്രിമാരും എട്ട് സിറ്റിങ് എംഎല്‍എമാരും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി ലാഡ്വ മണ്ഡലത്തില്‍ നിന്നായിരിക്കും മത്സരിക്കുക. ജനനായക് ജനതാ പാര്‍ട്ടിയില്‍ (ജെജെപി) നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മൂന്ന് മുന്‍ എംഎല്‍എമാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
അതിനിടെ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു. റതിയ മണ്ഡലത്തിലെ എംഎല്‍എയായ ലക്ഷമണ്‍ നപയാണ് പാര്‍ട്ടി വിട്ടത്. ലക്ഷമണ്‍ നപയ്‌ക്കൊപ്പം മൂന്ന് മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 1200 ഓളം വോട്ടുകള്‍ക്കാണ് ലക്ഷമണ്‍ നപ സംവരണ മണ്ഡലമായ റതിയയില്‍ നിന്ന് ജയിച്ചു കയറിയത്. എന്നാല്‍ ഇക്കുറി സുനിതാ ദഗ്ഗാല്‍ എന്ന ബിജെപിയുടെ മുന്‍ എംപിയെ തന്നെയാണ് ഇവിടെ മത്സരരംഗത്തിറക്കിയിരിക്കുന്നത്.
അതേസമയം, മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെയും നിലവിലെ മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിയുടെയും മണ്ഡലമായ കര്‍ണാലില്‍ ഇക്കുറി ജഗ്മോഹന്‍ ആനന്ദിനെയാണ് ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി നയാബ് സിങ്ങിന്റെ മിഡിയാ കോര്‍ഡിനേറ്റര്‍ പദവി വഹിച്ചിരുന്ന ജഗ്മോഹന് അപ്രതീക്ഷിതമായാണ് കര്‍ണാല്‍ സീറ്റ് ലഭിച്ചത്.
തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി ഉടന്‍ പുറത്തിറക്കും. ഇക്കുറി സഖ്യ കക്ഷികള്‍ ഒപ്പമില്ലാതെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് നേരിടുന്ന ബിജെപിക്ക് ഭരണം നിലനിര്‍ത്താനാകും എന്നു തന്നെയാണ് പ്രതീക്ഷ. ഒക്ടോബര്‍ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.