പട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ ബി.ജെ.പി എം.പി പാർട്ടിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. മുസാഫർപൂർ എം. പി അജയ് നിഷാദ് ആണ് ബിജെപി വിട്ടത്. ബി.ജെ.പിയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവെച്ചതായി അജയ് നിഷാദ് ചൊവ്വാഴ്ച അറിയിച്ചു.
ബി.ജെ.പി തന്നെ ചതിച്ചത് ഞെട്ടിച്ചുവെന്നും അതിനാൽ പാർട്ടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെക്കുകയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെ ടാഗ് ചെയ്തായിരുന്നു കുറിപ്പ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മുസഫർപൂരിൽ നിന്ന് രണ്ടു തവണ പാർലമെന്റിലെത്തിയ അജയ് നിഷാദിനു പകരം ഇത്തവണ മണ്ഡലത്തിൽ ഡോ. രാജ്ഭൂഷൺ നിഷാദിനെയാണ് ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ രാജ്ഭൂഷണെ 4.10 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ് അജയ് നിഷാദ് ലോക്സഭയിലെത്തിയത്.
ഇക്കുറി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിഹാറിലെ സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ആർ.കെ. സിങ്, നിത്യാനന്ദ് റായ്, ഗിരിരാജ് സിങ് എന്നിവർ യഥാക്രമം അറാ, ഉജിയാപുർ, ബെഗുസാരായ് മണ്ഡലങ്ങളിൽ ജനവിധി തേടും. മുൻ കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ് പട്ന സാഹിബിലും രാജീവ് പ്രതാപ് റൂഡി ശരണിലും രാധാ മോഹൻ സിങ് പൂർവി ചമ്പാരനിലും സ്ഥാനാർഥികളാവും.