ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബിഭവ് കുമാറിനു ജാമ്യമില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻറെ സെക്രട്ടറിയായ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി തീസ് ഹസാരി കോടതി തള്ളി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയാണു കോടതി തള്ളുന്നത്.
കേസന്വേഷണവുമായി ബിഭവ് സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോൺ പാസ്‌വേഡ് അടക്കം കൈമാറുന്നില്ലെന്നും പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. അതേസമയം, ബിഭവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയരംഗങ്ങൾ അരങ്ങേറി. പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്നു പ്രതിഭാഗം അഭിഭാഷകൻ എൻ.ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്.
വധഭീഷണിയും ലൈംഗികാതിക്രമണ ഭീഷണിയും നേരിടുന്നുവെന്ന സ്വാതി മലിവാളിന്റെ ആരോപണത്തിൽ സ്വീകരിച്ച നടപടി വിശദമാക്കാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മിഷണർക്ക് വനിതാ കമ്മിഷൻ കത്തയച്ചു. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമയാണ് കത്തയച്ചത്. മൂന്നു ദിവസത്തിനകം റിപ്പോർട്ട് കൈമാറാനാണ് കോടതി നിർദ്ദേശം.