ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ. ആദ്യഘട്ടത്തിൽ കോൺഗ്രസ് മുന്നേറുകയും ശേഷം പിന്നിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ഹരിയാനയിൽ കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസമുണ്ട്. വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുകയാണ്. ലീഡ് നില മാറി മറിയാം. എന്നാൽ, ഒടുവിൽ ഫലം വരുമ്പോൾ കോൺഗ്രസിന് തന്നെയായിരിക്കും വിജയമെന്നും ഭൂപീന്ദർ ഹൂഡ പറഞ്ഞു.
രാവിലെ എട്ട് മുതൽ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ വന്നപ്പോൾ ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ബിജെപി ലീഡ് ഉയർത്തുകയാണ്. ഇവിടെ ഭരണക്ഷിയായ ബിജെപി ബഹുദൂരം പിന്നിലായിരുന്നെങ്കിലും ഇപ്പോൾ അവർ തിരിച്ചുവരികയാണ്.
നിലവിൽ ബിജെപി ഇവിടെ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയുടെ അപ്രതീക്ഷിത തിരിച്ചുവരവിൽ അമ്പരന്നിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. ആദ്യഘത്തിൽ എളുപ്പത്തിൽ ഭരണം നേടുമെന്ന് കരുതിയിരുന്ന ഹരിയാനയിലാണ് വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി കുതിച്ചുകയറിയത്. നേരത്തെ കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു.
എന്നാൽ, പിന്നീടുള്ള വോട്ടെണ്ണൽ ഫലം പുറത്തുവന്നതോടെ ബിജെപി ലീഡ് നില ഉയർത്തുകയും കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസ് ക്യാമ്പ് ആശങ്കയിലായത്. ബിജെപി ലീഡ് നിലയിൽ മുന്നിലെത്തിയതോടെ കോൺഗ്രസിൻറെ ദില്ലി ആസ്ഥാനത്തെയും ഭൂപീന്ദർ ഹൂഡയുടെ വീട്ടിലെയും ആഘോഷങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഹരിയാനയിലെ ലീഡ് നിലയിൽ പിന്നോട്ട് പോയതിൽ കോൺഗ്രസ് ക്യാമ്പിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും വിജയ പ്രതീക്ഷയിലാണ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ. ഹരിയാനയിൽ കോൺഗ്രസ് അറുപതിലധികം സീറ്റുകൾ നേടുമെന്ന് എംപി കുമാരി സെൽജ പറഞ്ഞു.
അതേസമയം, കശ്‌മീരിൽ എൻസി-കോൺഗ്രസ് സഖ്യം മുന്നേറ്റം തുടരുകയാണ്. പത്ത് വർഷത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണ് കശ്മീരിൽ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.