സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്. മെയ് എട്ട് വരെ രേവണ്ണ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരിക്കും. മൈസൂരിലെ കെആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രേവണ്ണ അറസ്റ്റിലായത്.മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ബെംഗളൂരു പദ്മനാഭനഗറിലെ വസതിയില്‍ വച്ചാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. പിന്നീട് രേവണ്ണയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഞായറാഴ്ച വൈകീട്ട് കോറമംഗലയിലെ പതിനേഴാം എസിഎംഎം കോടതി ജഡ്ജി രവീന്ദ്രകുമാര്‍ ബി കട്ടിമണിയുടെ വസതിയില്‍ ഹാജരാക്കി.
കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ രേവണ്ണയെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, രേവണ്ണയുടെ അഭിഭാഷകന്‍ മൂര്‍ത്തി ഡി നായിക് കസ്റ്റഡിക്കെതിരെ വാദിച്ചു. എന്നാല്‍ ജഡ്ജി രവീന്ദ്ര കുമാര്‍ രേവണ്ണയെ 4 ദിവസത്തെ കസ്റ്റഡിക്ക് വിട്ട് ഉത്തരവിട്ടു.വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രേവണ്ണയെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയത്. സംസ്ഥാന ചരിത്രത്തിലെ തന്നെ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും കൃത്യമായ തെളിവുകളില്ലാതെയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും ആശുപത്രിയിലേക്ക് പോകവേ മാധ്യമങ്ങളോട് രേവണ്ണ പ്രതികരിച്ചിരുന്നു.