ബെംഗളൂരുവിലെ ഹെന്നൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മരണം ആറായി. ഹര്‍മാന്‍, ത്രിപാല്‍, മുഹമ്മദ് സഹില്‍, സത്യരാജു, ശങ്കര്‍, തിരിച്ചറിയാത്ത ഒരാള്‍ എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തി. അശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയുമാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.
നിര്‍മ്മാണത്തിലിരുന്ന ഏഴ് നില കെട്ടിടമാണ് തകര്‍ന്നുവീണത്. ഇന്നലെ വൈകിട്ട് 4.10ഓടെയായിരുന്നു അപകടം. ഉത്തരേന്ത്യക്കാരായ നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരെ ബെംഗളൂരു നോര്‍ത്ത് ആശുപത്രിയിലും അഞ്ചുപേരെ നഗരത്തിലെ ഹോസ്മാറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതിനിടെ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. അപകട സമയത്ത് കെട്ടിടത്തില്‍ 21 പേരുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു.