കൊൽക്കത്ത: അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര് ശുപാർശ ചെയ്ത് ബംഗാൾ സർക്കാർ. അക്ബർ സിംഹത്തിന് സൂരജ് എന്നും പെൺ സിംഹമായ സീതക്ക് തനായ എന്നുമാണ് പുതിയ പേര്.കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാൾ സർക്കാർ ശുപാർശ കൈമാറി. നിലവിൽ പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലാണ് സിംഹങ്ങൾ കഴിയുന്നത്.കേന്ദ്ര മൃഗശാല അതോറിറ്റി ശുപാർശ അംഗീകരിച്ചാൽ സിംഹങ്ങൾക്ക് പുതിയ പേര് നിലവിൽ വരും.
സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകൾ നൽകിയതിനെ കൽക്കട്ട ഹൈകോടതി വിമർശിച്ചിരുന്നു.ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകൾ മൃഗങ്ങൾക്ക് ഇടുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ ഭാഗമായാണ് ബംഗാൾ സർക്കാർ പുതിയ പേരുകൾ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് കൈമാറിയത്. 2024 ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്ന് ഏഴും ആറും വയസുള്ള സിംഹങ്ങളെ ബംഗാളിലെത്തിച്ചത്.
സിലിഗുരി സഫാരി പാർക്കിൽ എത്തിയപ്പോൾമുതൽ ആൺസിംഹത്തിനെ അക്ബർ എന്നും പെൺ സിംഹത്തിനെ സീതയെന്നുമാണ് വിളിച്ചിരുന്നത്. സിംഹങ്ങളുടെ പേരും ഒരുമിച്ച് പാർപ്പിച്ചതും വിവാദമായിരുന്നു. പേര് നൽകിയത് തങ്ങളല്ലെന്നും ത്രിപുര സർക്കാരാണെന്നും നിലപാടാണ് പശ്ചിമ ബംഗാൾ വനംവകുപ്പ് സ്വീകരിച്ചത്. തുടർന്ന് ത്രിപുര പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രബിൻ ലാൽ അഗർവാളിനെ സസ്‌പെൻഡ് ചെയ്തിരുന്നു.