കൊൽക്കത്ത: ബംഗാൾ രാജ്ഭവനിൽ നിന്ന് കൊൽക്കത്ത പൊലീസ് ഉടൻ പുറത്തു പോകണമെന്ന ഉത്തരവിറക്കി ഗവർണർ സി.വി.ആനന്ദബോസ്. ബിജെപി നേതാവ് സുവേന്ദു അധികാരിയേയും തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളിൽ പരുക്കേറ്റവരെയും രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞതിനു പിന്നാലെയാണ് ഗവർണറുടെ നടപടി. രാജ്ഭവനിലെത്തി കാണാൻ ഇവർക്ക് ഗവർണർ രേഖാമൂലം അനുമതി നൽകിയിരുന്നെങ്കിലും ഇവരെ പൊലീസ് തടയുകയായിരുന്നു.
ഈ സംഭവത്തിൽ ഗവർണർക്ക് അനുകൂലമായി വിധി പറഞ്ഞ കൊൽക്കത്ത ഹൈക്കോടതി ഗവർണർ വീട്ടുതടങ്കലിലാണോയെന്ന് ചോദിച്ചിരുന്നു. ഗവർണർ അനുമതി നൽകിയാൽ അക്രമത്തിന് ഇരയായവർക്കൊപ്പം സുവേന്ദു അധികാരിക്ക് രാജ്ഭവൻ സന്ദർശിക്കാമെന്നായിരുന്നു കോടതിവിധി. രാജ്ഭവന്റെ നോർത്ത് ഗേറ്റിലെ പൊലീസ് ഔട്ട്പോസ്റ്റിന്റെ സ്ഥാനത്ത് പൊതുജനങ്ങൾക്കായുള്ള വേദി സ്ഥാപിക്കാൻ ഗവർണർക്ക് പദ്ധതിയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.