ഇന്ത്യ സൈബര്‍ ആക്രമണ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ പാകിസ്താന്‍ കേന്ദ്രീകൃത ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്റാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ മാല്‍വെയര്‍ ആക്രമമം അഴിച്ചുവിടാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ട്രാന്‍സ്പരന്റ് ട്രൈബ് അഥവാ എപിടി36 എന്ന് പേരുള്ള പാകിസ്താനി ഹാക്കര്‍ ഗ്രൂപ്പിനെ കുറിച്ചാണ് മുന്നറിയിപ്പ്.
ഏറ്റവും ആധുനികമായ മാല്‍വെയര്‍ ഉപയോഗിച്ചാണ് ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ പാകിസ്താന്‍ ഹാക്കിംഗ് സംഘമായ എപിടി36 ലക്ഷ്യമിടുക. 2023 സെപ്റ്റംബറില്‍ ആദ്യമായി ശ്രദ്ധിച്ച ഈ മാല്‍വെയറിനെ അന്നു മുതല്‍ ചെക്ക് പോയിന്റ് പിന്തുടരുകയാണ്. കമ്പ്യൂട്ടറുകളില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് ഈ മാല്‍വെയറിന്റെ രീതി.
നമ്മുടെ സമ്മതമില്ലാതെ തന്നെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന മാല്‍വെയറാണിത്. ഇന്ത്യയിലുള്ള കമ്പ്യൂട്ടറുകളെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ഈ തരത്തിലുള്ള ഫിഷിംഗ് അറ്റാക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഗൂഗിള്‍ ഡ്രൈവ് പോലുള്ള പ്രമുഖ ക്ലൗഡ് പ്ലാറ്റ്ഫോമുകളില്‍ സൂക്ഷിക്കാനാകുമെന്നത് ഈ ഫയലുകളുടെ വിശ്വാസ്യത കൂട്ടുന്നു. ഇതാണ് മറഞ്ഞിരിക്കുന്ന അപകടം. ലിങ്ക് വഴിയെത്തുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ പിന്നീട് കമ്പ്യൂട്ടറിലെ രഹസ്യ ഫയലുകളിലേക്കെല്ലാം ഹാക്കര്‍മാര്‍ നുഴഞ്ഞുകയറും.
അതുകൊണ്ട് സംശയാസ്പദമായി ഏതെങ്കിലും ലിങ്കുകള്‍ ശ്രദ്ധിക്കപ്പെട്ടാല്‍ ക്ലിക്ക് ചെയ്യരുതെന്നും എന്നും മുന്നറിയിപ്പുണ്ട്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ സൈബര്‍ ശൃംഖല പ്രത്യേകം നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തസുരക്ഷാ വിഭാഗവും വ്യക്തമാക്കി.