ബാരാമതി ലോക്സഭ മണ്ഡലത്തിലെ ഇ വി എം മെഷീനുകള്‍ സൂക്ഷിച്ച റൂമിലെ സി സി ടി വി കാമറ നിശ്ചലമായതിനെതിരെ വ്യാപക പ്രതിഷേധം. ഏകദേശം 45 മിനുറ്റോളമാണ് സിസിടിവി കാമറ നിശ്ചലമായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടിയായ എന്‍സിപി (എസ്പി) രംഗത്തെത്തി.മൂന്നാം ഘട്ടത്തില്‍ മെയ് ഏഴിനാണ് ബാരാമതി മണ്ഡലത്തിലെ വോട്ടെടുപ്പ് നടന്നത്. ശേഷം എല്ലാ ഇ വി എം മെഷീനുകളും ജൂണ്‍ നാല് വരെ സുരക്ഷിതമായ സ്റ്റോറൂമുകളിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് എന്‍ സി പി (എസ്പി) പ്രവര്‍ത്തകര്‍ സിസിടിവി തകരാറിലായത് അറിയുന്നത്.
ബാരാമതിയില്‍ എന്‍ സി പി (എസ്പി) വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയ്ക്കെതിരെ അജിത് പവാര്‍ പക്ഷത്ത് നിന്നും അജിതിന്റെ ഭാര്യയായ സുനേത്രയാണ് മത്സരിക്കുന്നത്. എന്‍സിപി (എസ്പി ) പ്രസിഡന്റ് ശരത് പവാറിന്റെ മകളാണ് സുപ്രിയ സുലെ.വളരെ സുപ്രധാനമായ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലെ സിസിടിവി കാമറകള്‍ തകരാറിലാകുന്നത് സംശയം ഉണ്ടാക്കുന്നു. ഇത് അധികൃതരുടെ അനാസ്ഥയും അലംഭാവവുമാണെന്നും സുപ്രിയ സുലെ പ്രതികരിച്ചു.