ധാക്ക: ആഭ്യന്തര കലാപത്തിൽ ബംഗ്ലാദേശി നടൻ ഷാന്റോ ഖാനേയും പിതാവ് സലിം ഖാനേയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷെയ്ഖ് ഹസീനയുടെ രാജി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇവർ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്തെങ്കിലും ചാന്ദ്പുരിൽ വെച്ച് ജനക്കൂട്ടം മർദിക്കുകയായിരുന്നു.
പലായനം ചെയ്യുന്നതിനിടെ ജനക്കൂട്ടം ഇവരെ തടഞ്ഞതോടെ ആളുകളുമായി ഇരുവരും തർക്കത്തിലേർപ്പെട്ടു. വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനേയും മകനേയും ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയതായാണ് ബംഗ്ലാദേശി മാധ്യമമായ ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. നിർമാതാവും ലക്ഷ്മിപൂർ മോഡൽ യൂണിയൻ പരിഷത്ത് ചെയർമാനുമാണ് സലിം ഖാൻ.
സലിം ഖാന്റേയും മകന്റേയും മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കൊൽക്കത്തയിലെ സിനിമാമേഖലയും. 'ഞാൻ തിങ്കളാഴ്ച സലിം ഖാനുമായി സംസാരിച്ചിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ‘കമാൻഡോ’യുടെ സംവിധായകൻ ഷമിം അഹമ്മദ് റോണി യു.എസ്സിൽ നിന്നും സലിമിനെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞോ എന്ന് അന്വേഷിച്ച് വിളിച്ചിരുന്നു. പിന്നാലെ, അറിഞ്ഞ വാർത്തകൾ കണ്ട് എന്റെ കൈകൾ വിറച്ചു. കണ്ടെത്തിയ കാര്യങ്ങൾ അറിഞ്ഞ് ഞാൻ തളർന്നുപോയി', സലിം ഖാനോടൊപ്പം പ്രവർത്തിച്ച എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ അരിന്ദം ദാസ് പറഞ്ഞു.