ധാക്ക: ബംഗ്ലാദേശില്‍ നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാര്‍ നാളെ (വ്യാഴാഴ്ച) സത്യപ്രതിജ്ഞ ചെയ്യും. ബംഗ്ലാദേശ് സൈനിക മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം രാത്രി എട്ടുമണിക്കായിരിക്കും സത്യപ്രതിജ്ഞാച്ചടങ്ങുകള്‍. നിലവില്‍ പാരീസിലുള്ള യൂനുസ്, വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ധാക്കയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിനെതിരേയുള്ള പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായതോടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. തുടര്‍ന്ന് സഹോദരി രെഹാനയ്‌ക്കൊപ്പം അവര്‍ ഇന്ത്യയിലെത്തി. രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരുകയാണ് ഹസീന. അവര്‍ യു.കെയില്‍ അഭയം തേടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യു.കെ. വിഷയത്തില്‍ അനുകൂല നിലപാടല്ല കൈക്കൊണ്ടിട്ടുള്ളത്.
അതേസമയം, ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ബംഗ്ലാദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറമിലെ ലോണ്‍ഗ്ട്‌ലായി ജില്ലയുടെ അതിര്‍ത്തിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിര്‍ത്തിയുടെ മൂന്നു കിലോമീറ്റര്‍ പരിധിയില്‍ വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുമണി വരെ ജനങ്ങളുടെ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്.