ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ തീരുമാനിച്ച് ബംഗ്ലദേശ് സര്‍ക്കാര്‍. ഇക്കാര്യം പാസ്‌പോര്‍ട്ട് വകുപ്പിനെ വാക്കാല്‍ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി (സെക്യൂരിറ്റി ആന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗം) അലി റെസ സിദ്ദിഖി പറഞ്ഞു. ഹസീനയുടെ മന്ത്രിസഭയിലെ അംഗങ്ങള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പാസ്പോര്‍ട്ടുകളും റദ്ദാക്കും.
എത്ര പാസ്പോര്‍ട്ടുകള്‍ റദ്ദാക്കുമെന്ന കണക്ക് പാസ്‌പോര്‍ട്ട് വകുപ്പിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പക്കല്‍ ഉണ്ടായിരിക്കുമെന്നും തന്റെ കൈയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബംഗ്ലദേശിലെ സില്‍ഹട്ട് നഗരത്തില്‍ പ്രകടനത്തിനുനേരെ വെടിവയ്പുണ്ടായ സംഭവത്തില്‍ ഷെയ്ഖ് ഹസീനയ്ക്കും 86 പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 4നു ബംഗ്ലദേശ് നാഷനല്‍ പാര്‍ട്ടിയുടെ (ബിഎന്‍പി) റാലിക്കുനേരെ നടന്ന വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഷെയ്ഖ് ഹസീനയ്ക്ക് എതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതില്‍ 27 എണ്ണവും കൊലപാതകക്കേസുകളാണ്. ഹസീനയുടെ സഹോദരി ഷെയ്ഖ് രഹാന, അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഹസന്‍ മഹ്മൂദ്, മുന്‍ നിയമമന്ത്രി അനിസുര്‍ റഹ്മാന്‍, ഹസീനയുടെ ഉപദേശകനായിരുന്ന സല്‍മാന്‍ എഫ്. റഹ്മാന്‍ എന്നിവരും പ്രതികളാണ്.