ധാക്ക: ഇന്ത്യന്‍ അംബാസഡറടക്കം അഞ്ച് നയതന്ത്രപ്രതിനിധികളെ തിരികെ വിളിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. നയതന്ത്ര പുനഃസംഘടനയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വലിയ മാറ്റങ്ങളിലൂടെയാണ് ബംഗ്ലാദേശ് കടന്നുപോകുന്നത്.
ന്യൂഡല്‍ഹി, ബ്രസ്സല്‍സ്, കാന്‍ബറ, ലിസ്ബണ്‍ എന്നിവിടങ്ങളിലെ നയതന്ത്ര പ്രതിനിധികളെയും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരം പ്രതിനിധിയേയുമാണ് മടക്കി വിളിച്ചിരിക്കുന്നത്. ഇവരോട് എത്രയും പെട്ടെന്ന് രാജ്യ തലസ്ഥാനമായ ധാക്കയിലെത്തണം എന്നാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ വീഴ്ചയുണ്ടാവരുത് എന്നാണ് വിദേശമന്ത്രാലയത്തിന്റെ നിര്‍ദേശമെന്നും അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിന് എതിരെയുള്ള പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആയതോടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജിവെക്കേണ്ടിവന്നത്. ഇതിനുപിന്നാലെയാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറിയത്.