ന്യൂഡൽഹി: ആർഎസ്എസിൽ പ്രവർത്തിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് കേന്ദ്രസർക്കാർ. ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. 58 വർഷങ്ങൾക്ക് മുൻപ്, 1966ൽ പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സർക്കാർ പിൻവലിച്ചതായി അദ്ദേഹം കുറിച്ചു.
നിരോധനത്തിൽ കോൺഗ്രസിന്റേയും ഇന്ദിരയുടേയും പങ്കും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ” 1966 നവംബർ 7 ന് പാർലമെൻ്റിൽ ഗോഹത്യക്കെതിരെ വൻ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ആർഎസ്എസിനും ജനസംഘത്തിനും വേണ്ടി ലക്ഷങ്ങൾ ഒത്തുകൂടി. പൊലീസ് വെടിവെപ്പിൽ പലരും മരിച്ചു. ആർഎസ്എസിന്റെയും ജനസംഘത്തിന്റെയും സ്വാധീനം കണ്ട് നടുങ്ങിയ ഇന്ദിരാഗാന്ധി സർക്കാർ, 1966 നവംബർ 30-ന്, ജീവനക്കാരെ ആർഎസ്എസിൽ ചേരുന്നത് വിലക്കി”, അമിത് മാളവ്യ പറഞ്ഞു.