ലഖ്നോ: ഒറ്റമഴയിൽ അയോധ്യയിലേക്കുള്ള റോഡിൽ നിറയെ കുഴികൾ. അയോധ്യയിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ അടിസ്ഥാന സൗകര്യ വികസനത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്യുന്ന സംഭവമാണുണ്ടായിരിക്കുന്നത്. രാമക്ഷേത്രത്തിലേക്കുള്ള 14 കിലോ മീറ്റർ നീളമുള്ള റോഡിലാണ് കുഴികൾ പ്രത്യേക്ഷപ്പെട്ടത്. തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ എത്രയും പെട്ടെന്ന് ഇവയുടെ അറ്റകൂറ്റപ്പണി നടത്താൻ അധികൃതർ നിർദേശം നൽകി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പി.ഡബ്യു.ഡി എൻജിനീയർമാരെ സസ്പെൻഡ് ചെയ്യാൻ യോഗി ആദിത്യനാഥ് സർക്കാർ നിർദേശം നൽകി. വെള്ളംകയറിയ സ്ഥലങ്ങളിൽ നിന്നും ഇത് ഒഴിവാക്കാനാണ് പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് അയോധ്യ മേയർ ഗിരീഷ് പാട്ടിൽ ത്രിപാഠി അറിയിച്ചു.
നേരത്തെ കനത്തമഴയിൽ അയോധ്യ ക്ഷേത്രത്തിൽ ചോർച്ചയുണ്ടായിരുന്നു. ക്ഷേത്രത്തിലെ മുഖ്യപൂജാരിയാണ് ചോർച്ച സംബന്ധിച്ച് പരാതി ഉന്നയിച്ചത്. ചോർച്ച തുടരുകയാണെങ്കിൽ പൂജ നടത്തുന്നതിന് പോലും ബുദ്ധിമുട്ടിലാവുമെന്നും മുഖ്യപൂജാരി പറഞ്ഞു.