ന്യൂഡൽഹി: ശനിയാഴ്ചയാണ് ആതിഷി മർലെന ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റത്.മദ്യമയ അഴിമതിക്കേസിനു പിന്നാലെ എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ആതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഇപ്പോഴിതാ രാജാവായിരുന്ന ശ്രീരാമൻ ഒരു സുപ്രഭാതത്തിൽ അധികാരം ത്യജിച്ച് 14 വർഷം വനവാസത്തിന് പോയപ്പോൾ ഭരണം ഏറ്റെടുക്കേണ്ടി വന്ന ഭരതന്റെ മാനസികാവസ്ഥയാണ് തനിക്കെന്നാണ് ആതിഷി പറയുന്നത്.
ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായാണ് ആതിഷി ചുമതലയേറ്റത്.ഭരതനെ പോലെ നാലു മാസം മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കുമെന്നും ആതിഷി വ്യക്തമാക്കി. ഒഴിച്ചിട്ട സിംഹാസനത്തിൽ ശ്രീരാമന്റെ പാദുകം വെച്ചതുപോലെ, കെജ്രിവാളിന്റെ കസേര ഒഴിച്ചിട്ട് മറ്റൊരു കസേരയിലാണ് ആതിഷി ഇരുന്നത്.
''ഈ കസേര അരവിന്ദ് കെജ്രിവാളിന്റെതാണ്. നാലുമാസത്തിനു ശേഷം ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശ്രീരാമൻ വനവാസത്തിന് പോയപ്പോൾ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ രാജ്യം ഭരിക്കേണ്ടി വന്ന ഭരതന്റെ അതേ മാനസികാവസ്ഥയാണ് എനിക്കും.''-ആതിഷ് പറഞ്ഞു.
വിദ്യാഭ്യാസം, ധനകാര്യം, ഊർജം, പൊതുമരാമത്ത് എന്നിവ അടക്കം 13 വകുപ്പുകളാണ് ആതിഷിയുടെ ചുമതലയിൽ ഉള്ളത്. സൗരഭ് ഭരദ്വാജിന് എട്ടു വകുപ്പുകളാണ് നൽകിയത്. പുതിയ മന്ത്രിസഭയിലെ പുതുമുഖമായ മുകേഷ് അഹ്ലോട്ടിന് തൊഴിൽ, എസ്.സി/എസ്.ടി വകുപ്പുകളും നൽകി.