ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണറുടെ വസതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.
കെജരിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം പൊതുമരാമത്ത് മന്ത്രിയായിരുന്ന അതിഷി ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ്.
കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടി അതിഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് അന്നേജിവസം വൈകുന്നേരം തന്നെ കെജ്‌രിവാള്‍ ലെഫ്.ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. പുതിയ മന്ത്രിസഭയില്‍ ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, ആദ്യമായി എംഎല്‍എ സ്ഥാനത്തെത്തുന്ന മുകേഷ് അഹ്ലാവത്ത് എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ മുകേഷ് ഒഴികെയുള്ള നാല് പേരും കെജ്‌രിവാള്‍ സര്‍ക്കാരിലെ മന്ത്രിമാരായിരുന്നു.
മുഖ്യമന്ത്രി ഉള്‍പ്പെടെ 7 പേരാണ് മുന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സത്യേന്ദര്‍ ജെയിനും, മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായതോടെ മനീഷ് സിസോദിയയും രാജിവച്ച് ഒഴിയുകയായിരുന്നു. പിന്നാലെ അതിഷിയും സൗരഭ് ഭരദ്വാജും മന്ത്രിസഭയില്‍ അംഗങ്ങളായി. ഇതിനിടെ മന്ത്രിസഭാംഗമായ രാജ്കുമാര്‍ ആനന്ദ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിസ്ഥാനം രാജിവച്ച് മത്സരിച്ചിരുന്നു. രാജ്കുമാര്‍ രാജിവച്ച ഒഴിവിലേക്കാണ് മുകേഷ് എത്തുന്നത്.