ബാബാ സിദ്ധിഖിയുടെ കൊലപാതകം; പിന്നില്‍ ബോളിവുഡ് ചേരിപ്പോരോ?

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി ബാന്ദ്രയിലെ ഓഫീസില്‍ വച്ച് വെടിയേറ്റ് മരിച്ചത് വലിയ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

author-image
Rajesh T L
New Update
srks

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി ബാന്ദ്രയിലെ ഓഫീസില്‍ വച്ച് വെടിയേറ്റ് മരിച്ചത് വലിയ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സംഭവത്തില്‍ കൊടും  ക്രിമിനലുകളായ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബാബായുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ബോളിവുഡും സംശയനിഴലിലാണ്.

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്റേയും സല്‍മാന്‍ ഖാന്റേയും അടുത്ത സുഹൃത്തായിരുന്നു സിദ്ധിഖി. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പുണ്ടായി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ധിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. സല്‍മാനൊപ്പം ചേര്‍ന്ന് നിന്ന സിദ്ധിഖിയ്ക്ക് അതിന്റെ പേരിലും ശത്രുക്കളുണ്ടായിരുന്നു. സല്‍മാനും ഷാരൂഖും തമ്മിലെ പിണക്കം മാറ്റിയത് പോലും സിദ്ധിഖിയായിരുന്നു. മിനിറ്റുകള്‍ കൊണ്ടാണ് വര്‍ഷങ്ങളുടെ പ്രശ്‌നം സിദ്ധിഖി മാറ്റിയെടുത്തത്. ബോളിവുഡിലെ മിക്ക സൂപ്പര്‍താരങ്ങളും സിദ്ധിഖിയുടെ സുഹൃത്തുക്കളായിരുന്നു.

ചെറുപ്രായത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബാ സിദ്ധിഖി, 48 വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് പാര്‍ട്ടി വിട്ടത്. എന്‍.സി.പി. അജിത് പവാര്‍ വിഭാഗത്തിന്റെ എന്‍.സി.പിയിലാണ് അദ്ദേഹം ചേര്‍ന്നത്. പാര്‍ട്ടി മാറിയതിന് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസിനെതിരെ വിമര്‍ശനവും ഉന്നയിച്ചിരുന്നു. കറിവേപ്പില പോലെയാണ് കോണ്‍ഗ്രസ് തന്നെ പരിഗണിച്ചിരുന്നതെന്നായിരുന്നു ആരോപണം. 15 ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ധിഖിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വൈ ക്യാറ്റഗറി സുരക്ഷയിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കൊലപാതകം.

ബാബാ സിദ്ധിഖി സംഘടിപ്പിക്കാറുള്ള ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചത് 2013 ല്‍ സിദ്ധിഖി നടത്തിയ പാര്‍ട്ടിയിലായിരുന്നു. സല്‍മാന് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയി ആയിരുന്നു. അതുകൊണ്ടാണ് സിദ്ധിഖിയുടെ മരണത്തിലും ലോറന്‍സ് ബിഷ്‌ണോയിയ്‌ക്കെതിരെ അന്വേഷണം വരുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ബാന്ദ്രയിലെ ബോളിവുഡ് താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമിടയില്‍ അത്രമാത്രം സ്വാധീനമുള്ള നേതാവായിരുന്നു സിദ്ധിഖി.

ബാന്ദ്ര ഈസ്റ്റില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ബാബാ സിദ്ധിഖി. 2004- 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. സിദ്ധിഖിയുടെ മകന്‍ സിഷന്‍, ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ്. സിഷനെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ആഗസ്റ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ സീഷന്‍ സിദ്ദിഖിയുടെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിര്‍ത്തത്.

നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവര്‍ തന്നെയാണ് സിദ്ദിഖിയെ വധിച്ചതെന്നാണ് സൂചന. 

ന്യൂനപക്ഷ വിഭാഗങ്ങളുടെ നാവായും സിദ്ധിഖി ചര്‍ച്ചകളില്‍ എത്തിയിരുന്നു. ദസറ ആഘോഷങ്ങള്‍ക്കിടയിലാണ് കൊലപാതകമുണ്ടായത്. ഈ വര്‍ഷം അവസാനം മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു.

സിനിമാ സ്‌റ്റൈലിലായിരുന്നു കൊലപാതകികളുടെ ഓപ്പറേഷന്‍. കേസില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. അറസ്റ്റിലായവരില്‍ നിന്നും പിസ്റ്റള്‍ പിടിച്ചെടുത്തതതായി പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താന്‍ വേണ്ടി ശ്രമം തുടരുകയാണ്. റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടക്കുകയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

salman khan Sharukh Khan baba siddique