ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആം ആദ്മി പാർട്ടിയെ (എഎപി) പുതിയ കുറ്റപത്രത്തിൽ പ്രതിയാക്കും. ഇതാദ്യമാണ് അഴിമതിക്കേസിൽ ഏതെങ്കിലും ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ ഒരു ദേശീയ പാർട്ടി പ്രതിയാകുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കുറ്റപത്രത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി ആദ്യമായി പ്രതിയാക്കുമെന്നാണ് സൂചന.കുറ്റപത്രത്തിൽ കേജ്രിവാളിനെ മദ്യനയക്കേസിലെ 'കിംഗ്‌പിൻ' എന്നും പ്രധാന ഗൂഢാലോചനക്കാരനെന്നും ഇഡി പരാമർശിക്കും.
കേജ്രിവാളുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി പണമിടപാട് നടത്തിയതായി ഇഡി അവകാശപ്പെട്ടു. 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ലഭിച്ച അഴിമതിപ്പണത്തിൽ 45 കോടി രൂപ പാർട്ടി പ്രചാരണത്തിനിടെ ഉപയോഗിച്ചുവെന്ന് നേരത്തെ ഇഡി ഡൽഹി കോടതിയിൽ ആരോപിച്ചിരുന്നു.
അതെസമയം അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ നിരവധി പ്രവർത്തകരും നേതാക്കളും ബിജെപി ആസ്ഥാനത്തിന് സമീപം പ്രതിഷേധം തുടരുകയാണ്.ആം ആദ്മി പാർട്ടി ആസ്ഥാനം പോലീസ് സീൽ ചെയ്തെന്ന് നേതാക്കൾ പറഞ്ഞു. കേജ്രിവാളിൻ്റെ ഇടക്കാല ജാമ്യം സംബന്ധിച്ച സുപ്രീം കോടതിയുടെ വാദം പൂർത്തിയായ ശേഷം ഏജൻസി കുറ്റപത്രം സമർപ്പിച്ചേക്കും. ദിവസം മുഴുവൻ വാദം തുടർന്നാൽ കുറ്റപത്രം ശനിയാഴ്ച സമർപ്പിക്കുമെന്നും സൂചനയുണ്ട്.