ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി നാഷണല്‍ കോണ്‍ഫറന്‍സ്. നിലവില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനായി 12 ഗ്യാരന്റികള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. പാര്‍ട്ടി വൈസ് പ്രസിഡന്റായ ഒമര്‍ അബ്ദുള്ളയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ പുനഃസ്ഥാപിക്കുകയും സംസ്ഥാന പദവി തിരികെ നല്‍കുമെന്നതുമാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് രണ്ടാം മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. സംസ്ഥാനമായിരുന്ന ജമ്മു കശ്മീര്‍ ഇതോടെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറുകയായിരുന്നു.
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. തൊഴിലിനും പാസ്‌പോര്‍ട്ടിനുമായുള്ള പരിശോധനകള്‍ ലഘൂകരിക്കും, അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കും, റോഡുകളില്‍ ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഇല്ലാതാക്കും എന്നിവയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു.
യുവാക്കള്‍ക്കായി സമഗ്രമായ തൊഴില്‍ പാക്കേജാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ മറ്റൊരു ഗ്യാരന്റി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും നിയമനങ്ങളില്‍ തട്ടിപ്പ് നടക്കുന്നുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇതിന് പരിഹാരമായാണ് സമഗ്ര പാക്കേജ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കമായ സ്ത്രീകള്‍ക്ക് പ്രതിമാസം 5,000 രൂപ, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 12 സൗജന്യ പാചകവാതക സിലിണ്ടറുകള്‍, വിധവാ പെന്‍ഷന്‍ തുക വര്‍ധനവ് എന്നിവയും നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രകടനപത്രികയിലുണ്ട്.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളെ നേരിടാന്‍ സാധാരണക്കാര്‍ക്കായി മെഡിക്കല്‍ ട്രസ്റ്റ് രൂപവത്കരിക്കും. കുട്ടികള്‍ക്ക് സര്‍വകലാശാലാതലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പ്രകടന പത്രികയില്‍ പറയുന്നു.
ഈ വര്‍ഷം സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തിയ്യതികളിലാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. സെപ്റ്റംബര് 30ന് മുമ്പായി ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്
നിലവില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനായി 12 ഗ്യാരന്റികള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. പാര്‍ട്ടി വൈസ് പ്രസിഡന്റായ ഒമര്‍ അബ്ദുള്ളയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
New Update
00:00
/ 00:00