സ്‌കൂള്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ വൈകിയെത്തിയതിന് ശിക്ഷയായി 18 വിദ്യാര്‍ഥിനികളുടെ മുടി മുറിച്ച് ആന്ധ്രപ്രദേശിലെ അധ്യാപിക. അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡന്‍ഷ്യല്‍ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളായ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. സായി പ്രസന്ന എന്ന അധ്യാപികയാണ് വിദ്യാര്‍ഥിനികളുടെ മുടി മുറിച്ചത്.
ഹോസ്റ്റലില്‍ വെള്ളം മുടങ്ങിയതുകാരണമാണ് വിദ്യാര്‍ഥിനികള്‍ അസംബ്ലിക്കെത്താന്‍ വൈകിയത്. എന്നാല്‍, ഈ കാരണം അധ്യാപിക അംഗീകരിച്ചില്ല. നാല് വിദ്യാര്‍ഥിനികളെ ഇവര്‍ ശാരീരികമായി ഉപദ്രവിക്കുകയും വെയിലത്ത് നിര്‍ത്തുകയും ചെയ്തു. ഇക്കാര്യം മറ്റാരോടും പറയരുതെന്ന് പറഞ്ഞ് ഇവര്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മുടി മുറിച്ച വിവരം വിദ്യാര്‍ഥിനികള്‍ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാര്‍ഥിനികളില്‍ അച്ചടക്കം വളര്‍ത്താനാണ് താന്‍ ഇക്കാര്യങ്ങള്‍ ചെയ്തതെന്നാണ് അധ്യാപികയുടെ ന്യായീകരണം. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരേ ഇതുവരെ വിദ്യാര്‍ഥിനികളോ രക്ഷിതാക്കളോ പരാതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.