ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. സൈനിക ഓഫിസർ ഉൾപ്പെടെയാണ് മരിച്ചത്.തിങ്കളാഴ്ച രാത്രി 7.45ഓടെ ആരംഭിച്ച ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സൈനികർ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. 20 മിനിറ്റോളം നീണ്ട വെടിവെപ്പിൽ ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനും പരിക്കേറ്റതായാണ് വിവരം.
ഭീകരരെ തിരഞ്ഞ് ദോഡ നഗരത്തിൽനിന്ന് 55 കിലോമീറ്റർ അകലെ പൊലീസിലെ പ്രത്യേക വിഭാഗവും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനിടെയാണ് ആക്രമണം ഉണ്ടായത്. പാകിസ്താന്റെ പിന്തുണയുള്ള ജെയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം അറിയിച്ചു.
കഴിഞ്ഞയാഴ്ച കത്‍വയിൽ ഏറ്റുമുട്ടലിനിടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. സായുധ പരിശീലനം നേടിയ അറുപതിലേറെ ഭീകരർ ജമ്മുവിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.