സൈന്യം ഷിരൂർ ദുരന്തമുഖത്ത്; ബെലഗാവിയിൽ നിന്നെത്തിയത് 40 അംഗ സംഘം, അർജുനായുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ

സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ഉപയോ​ഗിച്ചായിരിക്കും ഇനി സ്ഥലത്തെ മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്.

author-image
Greeshma Rakesh
New Update
army-reached-in-shiroor-karnataka-for-arjun-rescue

arjun rescue operations

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെം​​ഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തെരച്ചിലിനായി സൈന്യം ഷിരൂരിലെത്തി. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ കരസേനയാണ് ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ഉപയോ​ഗിച്ചായിരിക്കും ഇനി സ്ഥലത്തെ മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്.സൈന്യത്തിന്റെ വരവോടോ രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.അതെസമയം സ്ഥലത്ത് മഴ പെയ്യുന്നത് രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അർജുൻറെ നാട്ടുകാർ രം​ഗത്തെത്തിയിരുന്നു. ആറു നാളായിട്ടും അർജുനെ കണ്ടെത്താൻ ആകാത്തത് ഗുരുതര വീഴ്ച എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കണ്ണാടിക്കലിൽ പ്രതിഷേധ പ്രകടനവും നടന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത കൈവിടാതെ ഇന്നലെ വൈകിട്ട് വരെ മാധ്യമങ്ങളോട് പ്രതികരിച്ച അർജുൻ്റെ കുടുംബം രാത്രിയോടെ ആകെ തളർന്നതോടയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.

ഇന്നലെ രാത്രി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് നാട്ടുകാർ  ഇന്ന് കണ്ണാടിക്കലിൽ പ്രതിഷേധ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി. ചെറുപ്പം മുതൽ അർജുനുമായി ഏറെ ബന്ധമുള്ള അയൽക്കാർക്കും മണിക്കൂറുകൾ എണ്ണിയുള്ള ഈ കാത്തിരിപ്പ് സമ്മാനിക്കുന്നത് വലിയ വേദനയാണ്. 

രക്ഷാപ്രവർത്തനത്തിന് കരസേനയെ നിയോഗിക്കണമെന്നും സന്നദ്ധരായ നാട്ടുകാരെ ഉൾപ്പെടെ അവിടേക്ക് പോകാൻ അനുവദിക്കണമെന്നുമായിരുന്നു കുടുംബത്തിൻറെ ആവശ്യം. കരസേന എത്തുന്ന കാര്യം വൈകിട്ടോടെ സ്ഥിരീകരിച്ചിരുന്നു. പ്രതീക്ഷ നശിക്കുകയാണെന്നും നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്നുമായിരുന്നു അർജുന്റെ മാതാവ് ഒടുവിൽ പ്രതികരിച്ചത്. അപ്പോഴും പ്രതീക്ഷ കൈവിടാതെ മകനെ ചേർത്തുപിടിച്ച് അർജുൻറെ ഫോൺ നമ്പറുകളിലേക്ക് മാറിമാറി വിളിക്കുകയാണ് ഭാര്യ കൃഷ്ണപ്രിയ.

 

 

karnataka Indian army landslide Arjun rescue operations