ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കരഭാഗത്തെ തിരച്ചില്‍ സൈന്യം പൂര്‍ത്തിയാക്കി. നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സൈന്യം അറിയിച്ചു.
പുഴില്‍ മണ്ണ് അടിഞ്ഞു കൂടിയ ഭാഗത്ത് ഡ്രെഡ്ജിംഗ് നടത്താനാണ് നീക്കം. ഇതിനുള്ള അനുമതി തേടും. എന്‍ഡിആര്‍എഫും കര്‍ണാടക സര്‍ക്കാറും കരയില്‍ ലോറിയില്ലെന്ന നിലപാടിലായിരുന്നു. അതാണ് ഇപ്പോള്‍ ശരിയാവുന്നത്. രണ്ടിടങ്ങളില്‍ നിന്നു റഡാര്‍ സിഗ്നല്‍ ലഭിച്ചെന്ന വിവരം പുറത്തുവന്നതും സൈന്യം തിരച്ചില്‍ തുടര്‍ന്നതും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ഇതോടെ അര്‍ജുന് വേണ്ടി ഏഴാം ദിവസവും നടന്ന തിരച്ചില്‍ നിരാശയോടെ അവസാനിച്ചു.
മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗാവലി പുഴയില്‍ സ്‌കൂബ ഡൈവേഴ്സ് പരിശോധന നടത്തി. അര്‍ജുന്റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ സൈന്യം പരിശോധിക്കുന്നത്. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ നാവിക സേന എത്തിക്കുമെന്നും കരുതുന്നു.