ബംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ നിർണായക ഘട്ടത്തിലേയ്ക്ക്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കും. ഇതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും.
ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കും.അതെസമയം തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
തെരച്ചിലിൽ വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ തുടരുകയാണ്. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും. കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു.
ഇത്രയും ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഇന്നലെയാണ് അർജുന്റെ ലോറി പുഴയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിച്ചത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂമന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ അർജുന്റെ ലോറി തന്നെയാണ് കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണുള്ളതെന്ന് ഉത്തര കന്നഡ എസ്പി നാരായണയും സ്ഥിരീകരിച്ചു.