ബെംഗളൂരു:കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ വീണ്ടും ആരംഭിച്ചു.തെരച്ചിലിനായി മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ ഗംഗാവലി നദിയിൽ ഇറങ്ങി.എല്ലാ സജ്ജീകരണങ്ങളോടുംകൂടിയാണ് അദ്ദേഹം പുഴയിലേയ്ക്ക് ഇറങ്ങുന്നത്.
നദിയിൽ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു.അതെസമയം ഡ‍്രഡ്ജർ കൊണ്ടുവരുന്നതിൽ കേരള സർക്കാർ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണം മുൻകൂർ നൽകാമെന്ന് പറഞ്ഞിട്ടും കേരളം ഡ‍്രഡ്ജർ എത്തിച്ചില്ലെന്നാണ് വിമർശനം. ഗംഗാവലി പുഴയിൽ ഒഴുക്ക് 2 നോടിസിന് അടുത്താണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
അതെസമയം നാളെ എസ്ഡിആർഎഫ്, എൻഡിആർഎഫ് അംഗങ്ങളും തെരച്ചിലിന് പങ്കെടുക്കും. നേവിക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ കാർവാർ എംഎൽഎ, കേരള സർക്കാറിനെതിരെ രൂക്ഷ വിമർശിനമാണ് ഉന്നയിച്ചത്. തൃശൂരിൽ നിന്ന് ഡ്രജിംഗ് മെഷീൻ എത്തിക്കണമെന്ന ആവശ്യം കേരളം പരിഗണിച്ചില്ല. എംപിയും എംഎൽഎയും അനുകൂലമായി പ്രതികരിച്ചില്ലെന്നും സതീഷ് കൃഷ്ണ സെയിൽ കുറ്റപ്പെടുത്തി.
ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുൻറെ കുടുംബം ഇന്നലെ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചിൽ ആരംഭിച്ചില്ലെങ്കിൽ ഷിരൂരിൽ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അർജുൻറെ സഹോദരിയുടെ ഭർത്താവ് ജിതിൻ ഇന്നലെ പ്രതികരിച്ചത്.