ഷിരൂർ: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുമ്പോൾ ദൗത്യത്തിന് വെല്ലുവിളിയായി കാലാവസ്ഥ.കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത് കനത്ത മഴയാണെന്നും കാലാവസ്ഥ പ്രതികൂലമായതിനാലാണ് തെരച്ചിലിൽ കാലതാമസം നേരിടുന്നതെന്നും അർജുന്റെ ഭാര്യാ സഹോദരൻ ജിതിൻ പറഞ്ഞു.പുഴയിൽ അടിയൊഴുക്ക് കുറഞ്ഞ ശേഷം നാവികസേനയ്‌ക്ക് രക്ഷാദൗത്യം മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”രക്ഷാദൗത്യത്തിന്റെ ഓരോ വിവരങ്ങളും അധികൃതർ പങ്കുവയ്‌ക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമാകുന്ന നിലയിൽ തെരച്ചിൽ പുരോഗമിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 11 ദിവസമായി അർജുനായുള്ള കാത്തിരിപ്പിലാണ് കുടുംബം. എന്നാലും യാഥാർത്ഥ്യം ഉൾക്കൊണ്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ അർജുന് വേണ്ടി മറ്റൊരു ജിവൻ കൂടി ബലി നൽകാൻ ഞങ്ങൾ തയ്യാറല്ല.”- ജിതിൻ പറഞ്ഞു.
ഇന്നലെ രാത്രി മുതൽ പ്രദേശത്ത് കനത്ത മഴയും കാറ്റുമാണുള്ളത്. പ്രതികൂല കാലാവസ്ഥയായതിനാൽ പുഴയിലെ അടിയൊഴുക്ക് നിരീക്ഷിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. കരയിൽ നിന്ന് 60 മീറ്റർ അകലെയാണ് അർജുന്റെ ട്രക്കുള്ളതെന്നാണ് എസ്‌കവേറ്ററിൽ തെളിഞ്ഞത്. ഐ ബോർഡ് ഉപയോഗിച്ചുള്ള പരിശോധനകളും ഇന്നലെ നടത്തിയിരുന്നു. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതിനായി തെർമൽ പരിശോധന നടത്തിയെങ്കിലും കനത്ത മഴ കാരണം ദൗത്യം താത്കാലികമായി നിർത്തിവയ്‌ക്കുകയായിരുന്നു.