ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനായുള്ള തെരച്ചിൽ പതിമൂന്നാംദിവസവും തുടരുകയാണ്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സംഘം ഇന്നും ഗംഗാവലി പുഴയിലറങ്ങി തെരച്ചിൽ നടത്തും. ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു.സ്വന്തം റിസ്കിലാണ് പുഴയിൽ ഇറങ്ങുന്നത്.ഇതുവരെ ട്രക്ക് കാണാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഏറെ അപകടം നിറഞ്ഞ നദിയാണ് ഗംഗാവലി.അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോൾ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. സ്വന്തം റിസ്കിലാണ് ഇറങ്ങുന്നതെന്ന് എഴുതി നൽകിയാണ് ഇറങ്ങിയത്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്നും ഈശ്വർ മൽപെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
യോഗത്തിലെടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങിൽ ഒരു കാര്യം പറയുകയും പിറ്റേന്ന് അതിൽ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല.പാൻടൂൺ കൊണ്ടു വരുന്ന കാര്യത്തിൽ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.നിലവിലുള്ള കൂടുതൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം. നേവൽ ബേസിൻ സംവിധാനത്തിലെ കൂടുതൽ സാധ്യതകൾ ഉണ്ട്. കർണാടക മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്യണം. രക്ഷാപ്രവർത്തനത്തിൻറെ വിവരങ്ങൾ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.