മംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ കാണാതായവർക്കായി ഗംഗാവാലി പുഴയിൽ തിരച്ചിൽ നാളെ തുടരും. പുഴയിൽ രൂപംകൊണ്ട മണൽതിട്ടകൾ നീക്കിവേണം ഇനി തിരച്ചിൽ.ഇതിനായി ഗോവ സർക്കാർ ഡ്രഡ്ജർ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകിയതായും അതിനായി ചില നടപടി ക്രമങ്ങൾ ആവശ്യമാണെന്നും സതീഷ് കൃഷ്ണ സെയ്ൽ എം.എൽ.എ അറിയിച്ചു.
ഇന്നലെ പകൽ മുഴുവൻ തുടർന്നതിരച്ചിലിനൊടുവിൽ ഗംഗാവാലി പുഴയിൽനിന്ന് ലോറിയിലെ കയറും വാഹനങ്ങളുടെ ലോഹഭാഗങ്ങളും വീണ്ടെടുത്തിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും സംഘവും, നാവികസേന, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രകൃതി ദുരന്ത നിവാരണ സേന എന്നിവരാണ് തിരച്ചിലിൽ പങ്കാളികളായത്. ഗംഗാവാലി പുഴയിൽ അടിഞ്ഞുകൂടിയ മണ്ണിൽ പൂണ്ടുകിടന്ന കയറാണ് രണ്ടാം ദിന ദൗത്യത്തിൽ പ്രതീക്ഷയായി കണ്ടെത്തിയത്.
നാവികസേന മുറിച്ചുനൽകിയ കയർത്തുമ്പ് അർജുൻ ഓടിച്ച ലോറിയിൽ മരത്തടികൾ ബന്ധിക്കാൻ ഉപയോഗിച്ചതാണെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. മണ്ണിടിച്ചിലിൽ മരിച്ച ലക്ഷ്മണ നായ്കിന്റെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്ന ഭാഗത്തുനിന്നാണ് കയർ കിട്ടിയത്. മരക്കുറ്റികൾ, വൈദ്യുതി ലൈൻ കഷ്ണങ്ങൾ, വാഹനത്തിന്റെ ഷാക്കിൾ സ്ക്രൂ പിൻ, സ്പയർ ഗിയർ, മറ്റു ലോഹ ഭാഗങ്ങൾ എന്നിവയും കണ്ടെത്തി. ലോഹഭാഗങ്ങൾക്ക് തന്റെ ലോറിയെക്കാൾ പഴക്കമുണ്ടെന്ന് മനാഫ് പറഞ്ഞു.
എട്ട് നോട്സ് വരെ എത്തിയിരുന്ന ഗംഗാവാലി നദിയിലെ അടിയൊഴുക്ക് നിലവിൽ രണ്ട് നോട്സാണ്. മണൽതിട്ടകൾ നീക്കിയുള്ള തിരച്ചിലിലൂടെ മാത്രമേ ദൗത്യം വിജയിക്കൂയെന്നാണ് ഉത്തര കന്നട ജില്ല ഭരണകൂടത്തിന്റെ നിഗമനം. മണ്ണുനീക്കി തിരച്ചിൽ നടത്താനുള്ള വഴി തേടുകയാണെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയ്ൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് എന്നിവർ ഷിരൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗോവയിൽ നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയാവുന്ന മുറക്ക് തിങ്കളാഴ്ചയോടെ ഡ്രഡ്ജർ ബോട്ടുകൾ ഷിരൂരിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സതീഷ് കൃഷ്ണ സെയ്ൽ എം.എൽ.എ അറിയിച്ചു. കേരള സർക്കാർ ഡ്രഡ്ജിങ് മെഷീൻ അയച്ചില്ലെന്ന് ചൊവ്വാഴ്ച സതീഷ് സെയ്ൽ ആരോപിച്ചിരുന്നു. ഡ്രഡ്ജർ എത്തിക്കാൻ വരുന്ന ലക്ഷങ്ങളുടെ ചെലവ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വഹിക്കും. ഡ്രഡ്ജർ എത്തുന്നതുവരെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ തുടരും. ദൗത്യം പൂർത്തിയാവുന്നതുവരെ നാവികസേന ഷിരൂരിൽതന്നെ തുടരും. കയറും ലോഹഭാഗങ്ങളും കണ്ടെത്തിയ ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗം കേന്ദ്രീകരിച്ചാവും തുടർ ദിവസങ്ങളിലെ തിരച്ചിൽ.