മംഗലാപുരം:കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേയ്ക്ക്.. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടതായി കാർവാർ എംഎൽഎ സതീഷ് സെയിൽ സ്ഥിരീകരിച്ചു.ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും സതീഷ് സെയിൽ പറഞ്ഞു. മറ്റ് ലോറികളൊന്നും അപകട സ്ഥലത്ത് കാണാതായിട്ടില്ല എന്നാണ് ഇതുവരെയുള്ള വിവരം. അതിനാൽ അർജുൻ്റെ ലോറി തന്നെയാവും ഇതെന്നാണ് കരുതുന്നത്. പുഴയുടെ അടിത്തട്ടിലേക്ക് പോയ ഈശ്വർ മൽപെ ദൃശ്യങ്ങളും തൻ്റെ മൊബൈലിൽ പകർത്തി.ലോറി തലകീഴായി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈശ്വർ മാൽപെ കെട്ടിയ കയർ ഉപയോഗിച്ച് ലോറിയുടെ കാബിൻ ഉയർത്താനാണ് ശ്രമം.ലോറിയുടെ കാബിൻ്റെ താഴെയുള്ള ടയറുകളോട് ചേർന്ന് ഇരുമ്പ് റോഡിൽ വടം കെട്ടി.ഇതുപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു.ഇന്ന് 200 ശതമാനവും ഒരു ഉത്തരമുണ്ടാകുമെന്ന് എംഎൽഎ സതീഷ് സെയ്‌ദ് വ്യക്തമാക്കിയിരുന്നു. തലകീഴായി മറിഞ്ഞിരിക്കുന്ന നിലയിൽ പുഴയുടെ ഉപരിതലത്തിൽ നിന്ന് 15 അടി താഴ്ചയിലാണ് ലോറി കിടക്കുന്നത്. ഇവിടെ വടം കെട്ടിയ ഈശ്വർ മൽപെ പുഴയുടെ ഉപരിതലത്തിലേക്ക് വന്ന ശേഷം വീണ്ടും തിരികെ അടിത്തട്ടിലേക്ക് പോയി. ലോറിയുടെ കാബിൻ ഇന്ന് തന്നെ ഉയർത്താനുള്ള ശ്രമം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പടെ മൂന്ന് പേരെ കണ്ടെത്താൻ വേണ്ടി ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുകയാണ്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.