ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേയ്ക്ക്. കരയിൽ എട്ടുമീറ്റർ താഴ്ചയിൽ ലോഹ സാന്നിധ്യമുള്ളതായി സിഗ്നൽ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. ഇവിടെ തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ അർജുന്റെ മൊബൈൽസിഗ്നൽ ലഭിച്ച അതേഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്. എന്നാൽ, അത് അർജുന്റെ ലോറിയാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. പ്രദേശത്ത് കനത്ത മഴ തുടർന്നതിനാൽ മണ്ണ് മാറ്റൽ കൂടുതൽ ശ്രമകരമാകും. റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് സൈന്യം നടത്തുന്നത്.
അതേ സമയം, അർജുന്റെ ലോറി മണ്ണിടിച്ചിലുണ്ടായ പ്രദേശത്തേക്ക് കടന്നുവരുന്ന നിർണായ സി.സി.ടി.വി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചു. വാഹനം പുഴയിലേക്ക് ഒഴുകിപോകാനാണ് കൂടുതൽ സാധ്യതയെന്ന് കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് രാവിലെ മുതൽ കരയിലും ഗംഗാവാലി പുഴയിലുമായാണ് തിരച്ചിൽ നടക്കുന്നത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച ഡീപ് സെർച്ച് ഡിക്ടറിന്റെ സഹായത്തോടെയാണ് തിരച്ചിൽ. എട്ടു മീറ്റർ ആഴത്തിൽ വരെ തിരച്ചിൽ നടത്താൻ ശേഷിയുണ്ട്.
കര-നാവിക സേനയും എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും പൊലീസുമുൾപ്പെടുന്ന വലിയ സന്നാഹം തന്നെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.അതേ സമയം, അപകട സമയത്തെ ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒയുടെ കൈവശമില്ലെന്ന് അറിയിച്ചു. മറ്റു രാജ്യങ്ങളുടെ സാറ്റ് ലൈറ്റ് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അപകടം നടക്കുന്നതിന്റെ രണ്ടുമണിക്കൂർ മുൻപും അതിന് ശേഷം വൈകിട്ട് ആറിനുമാണ് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഇവിടെത്തെ ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളത്. കെ.സി.വേണുഗോപാൽ എം.പിയാണ് ദൃശ്യങ്ങൾ ശേഖരിക്കാൻ ഐ.എസ്.ആർ.ഒയിൽ ഇടപെടൽ നടത്തിയിരുന്നത്.
കഴിഞ്ഞ 16നാണ് അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങൾ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവർത്തനം നടന്നിരുന്നില്ല. അർജുന്റെ തിരോധാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ കർണാടക സർക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.