ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിയും. വെള്ളിയാഴ്ചയാകും വസതി ഒഴിയുക. മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് എംപിക്ക് അനുവദിച്ച ബംഗ്ലാവിലേക്ക് ആകും മാറുക. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിൻ്റെ വസതിയിലേക്കാണ് മാറുക.
ദേശീയ പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ കെജ്രിവാളിന് വസതി അനുവദിക്കണമെന്ന് ആംആദ്മി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് കെജരിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നവരാത്രി ഉത്സവ വേളയിൽ ഔദ്യോഗിക വസതി ഒഴിയുമെന്ന് ഡൽഹിയിൽ സംഘടിപ്പിച്ച ജനതാ കി അദാലത്തിൽ കെജ്രിവാൾ അറിയിച്ചിരുന്നു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് ഇനിയുള്ളത്. അതിനാൽ മണ്ഡലത്തിൽ തന്നെ കെജരിവാൾ താമസിക്കുന്നതു ഗുണം ചെയ്യുമെന്നാണ് ആംആദ്മി പാർട്ടി കണക്കൂകുട്ടുന്നത്. എഎപി എംഎൽഎമാരും കൗൺസിലർമാരും തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ നിരവധിപ്പേർ മുൻ മുഖ്യമന്ത്രിക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു.