ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചു. തുടര്‍ന്നാണ് കോടതിയുടെ നടപടി.
കേജ്‌രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റും. വീട്ടിലെ ഭക്ഷണവും മരുന്നും പുസ്തകങ്ങളും അനുവദിക്കണമെന്ന് കേജ്‌രിവാള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 21 നാണ് ഇ.ഡി കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 9 തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേജ്രിവാളിന്റെ സിവില്‍ ലെയ്ന്‍സിലെ ഔദ്യോഗിക വസതിയില്‍ എത്തി ഇ.ഡി സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റില്‍ നിന്ന് സംരക്ഷണം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു അറസ്റ്റ്.
കേജ്രിവാളിന്റെ പ്രാഥമിക കസ്റ്റഡി മാര്‍ച്ച് 28ന് അവസാനിച്ചിരുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം ഡല്‍ഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി തിങ്കളാഴ്ച വരെ നീട്ടുകയായിരുന്നു.
ഇ.ഡി കസ്റ്റഡിയില്‍ നിന്നാണ് കേജ്‌രിവാള്‍ ഭരണം നടത്തുന്നത്. അറസ്റ്റിനെതിരെ കേജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ ഡല്‍ഹി ഹൈക്കോടതി ഇ.ഡിക്ക് നോട്ടിസ് അയച്ചിരുന്നു. ഏപ്രില്‍ 2നുള്ളില്‍ മറുപടി നല്‍കണം. ഏപ്രില്‍ മൂന്നിന് വിചാരണ ആരംഭിക്കുമെന്നും കോടതി അറിയിച്ചിരുന്നു.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാന്‍ കേജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തില്‍ അഴിമതിയുണ്ടെന്നാണ് കേസ്.