ഡൽഹി : ഇന്ത്യയില്‍ ആരംഭിച്ച രണ്ട് ആപ്പിള്‍ സ്റ്റോറുകളുടെ വന്‍ വിജയത്തിന് പിന്നാലെ രാജ്യത്ത് കൂടുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ബെംഗളുരു, പുനെ, ഡെല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍ ആരംഭിക്കുക. ഐഫോണ്‍ 16 സീരീസിലെ എല്ലാ ഫോണുകളും ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെന്നും ആപ്പിള്‍ അറിയിച്ചു.
2023 ഏപ്രിലിലാണ് മുംബൈയിലെ ബികെസിയില്‍ ആപ്പിള്‍ ആദ്യമായി കമ്പനിയുടെ നേരിട്ടുള്ള വില്‍പനകേന്ദ്രം ആരംഭിച്ചത്. തൊട്ടുപിന്നാലെ ന്യൂഡല്‍ഹിയിലെ സാകേതില്‍ രണ്ടാമത്തെ ആപ്പിള്‍ സ്റ്റോറും ആരംഭിച്ചു. ഐഫോണ്‍ 15 സീരീസ്, ഐഫോണ്‍ 16 സീരീസ് ഫോണുകള്‍ ആദ്യമായി വില്‍പനയ്‌ക്കെത്തിയ ദിവസം ഈ രണ്ട് സ്റ്റോറുകളുടെയും മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെ എത്തി ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്.
പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ എപ്പോള്‍ തുറക്കുമെന്ന് വ്യക്തമല്ല. എങ്കിലും ഓരോ നഗരത്തിലേയും സുപ്രധാന കേന്ദ്രങ്ങളില്‍ തന്നെയാവും ആപ്പിള്‍ സ്റ്റോറുകള്‍ വരിക. ഇന്ത്യയില്‍ വില്‍ക്കുന്നതിന് വേണ്ടിയുള്ള ഐഫോണ്‍ 16 ലൈനപ്പ് ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുന്നതെന്നാണ് വിവരം. ഇതില്‍ ചെറിയൊരു ഭാഗം മാത്രമാണ് കയറ്റി അയക്കുക.
2017 ലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചത്. ഐഫോണ്‍ എസ്ഇയില്‍ ആയിരുന്നു തുടക്കം. ഇപ്പോള്‍ ആപ്പിളിന് ഇന്ത്യയില്‍ ഒന്നിലധികം നിര്‍മാണ പങ്കാളികളുണ്ട്. ഇവരെല്ലാം ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന് ഇന്ത്യയില്‍ 3000 ജീവനക്കാരാണുള്ളത്. അംഗീകൃത വിതരണക്കാര്‍ വഴിയും ആയിരക്കണക്കിനാളുകള്‍ ആപ്പിളിന് വേണ്ടി ജോലി ചെയ്യുന്നുണ്ട്.