സല്‍മാനു പുറമേ ഗുണ്ടകളും ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റില്‍

സല്‍മാന്‍ ഖാനേയും നിരവധി കുപ്രസിദ്ധ ഗുണ്ടകളേയും തങ്ങള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് ലോറന്‍സ് ബിഷ്‌ണോയ് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. പേരുവിവരങ്ങള്‍ ലഭിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു

author-image
Prana
New Update
lawrence bishnoi

മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ളവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയ എന്‍.ഐ.എ സംഘം ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ ബിഷ്‌ണോയ് സംഘം ലക്ഷ്യമിട്ട കുപ്രസിദ്ധ ഗുണ്ടകള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുവിവരങ്ങള്‍ ലഭിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സല്‍മാന്‍ ഖാനേയും നിരവധി കുപ്രസിദ്ധ ഗുണ്ടകളേയും തങ്ങള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് ലോറന്‍സ് ബിഷ്‌ണോയ് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാനിയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാനെ വധിക്കാന്‍ നിരവധി തവണ ഈ സംഘം ശ്രമിച്ചിരുന്നു. 1998ല്‍ സല്‍മാന്‍ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു.ബിഷ്‌ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ സല്‍മാനെ വധിക്കുന്നതിനായി തന്റെ സഹായി സമ്പത്ത് നെഹ്‌റ, സല്‍മാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറന്‍സ് വെളിപ്പെടുത്തിയിരുന്നു. സമ്പത്ത് നെഹ്‌റയെ ഹരിയാണ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു.
2022ല്‍ സിദ്ദു മൂസൈവാലയെ കൊലപ്പെടുത്തിന് മുമ്പ് ബിഷ്‌ണോയി സംഘം സല്‍മാന്‍ ഖാനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്റെ പിതാവ് സലീമിന് ഭീഷണി കത്തും ലഭിച്ചിരുന്നു. ബിഷ്‌ണോയി സംഘത്തില്‍നിന്നുള്ള നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പിന്നാലെ നടന്റെ മുംബൈയിലെ വീടിന് നേരേ വെടിവെപ്പുമുണ്ടായി.
ബിഷ്‌ണോയ് സംഘം നോട്ടമിട്ട രണ്ടാമത്തെയാള്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സംഗീതജ്ഞന്‍ സിദ്ദു മൂസ് വാലയുടെ മാനേജര്‍ ഷഗന്‍പ്രീത് സിങ്ങാണ്. ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിരുന്ന വിക്കി മിധുഖെരയുടെ കൊലപാതകികള്‍ക്ക് ഒളിത്താവളമൊരുക്കിയത് ഇദ്ദേഹമാണെന്നാണ് ബിഷ്‌ണോയ് കരുതുന്നത്. 2021 ഓഗസ്റ്റില്‍ മൊഹാലിയില്‍ വെച്ചാണ് വിക്കി മിധുഖൈര കൊല്ലപ്പെടുന്നത്. ഷഗന്‍പ്രീതിനെ വധിക്കാന്‍ ബിഷ്‌ണോയ് സംഘത്തിന് പദ്ധതിയുണ്ടെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒളിവില്‍ കഴിയുന്ന ഗുണ്ടാനേതാവ് ഗൗരവ് പടിയാലിന്റെ സഹായി മന്ദീപ് ധരിവാളാണ് ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന അടുത്തയാള്‍. വിക്കി മിധുഖൈരയുടെ കൊലപാതകികളെ ഇയാള്‍ സഹായിച്ചെന്നാണ് ബിഷ്‌ണോയ് സംഘം ആരോപിക്കുന്നത്. ദാവിന്ദര്‍ ബംബിഹാ സംഘത്തിന്റെ തലവനാണ് ഗൗരവ് പടിയാല്‍. പടിയാലിന്റെ ബിസിനസ് നോക്കിനടത്തിയിരുന്ന ധരിവാള്‍ ഫിലിപ്പെന്‍സില്‍ വെച്ച് വെടിയേറ്റ് മരിച്ചിരുന്നു.
കുപ്രസിദ്ധ ഗുണ്ട കൗശാല്‍ ചൗധരിയും ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. ഗുരുഗ്രാം ജയിലിലാണ് ഇപ്പോള്‍ കൗശാലുള്ളത്. വിക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആയുധം നല്‍കിയത് ഇയാളാണെന്നാണ് ബിഷ്‌ണോയ് സംഘം കരുതുന്നത്.
ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് അമിത് ധാഗറും ഈ പട്ടികയിലുണ്ട്. കൗശല്‍ ചൗധരിയുടെ അടുത്ത അനുയായിയായ ധാഗറിന് മിധുഖെരയുടെ കൊലപാതകത്തില്‍ പങ്കുണ്ട്. ഏഴോളം കൊലപാതകത്തിലും നിരവധി കവര്‍ച്ചക്കേസുകളിലും ഇയാള്‍ക്ക് പങ്കുണ്ട്. ഗുരുഗ്രാമിലെ ഒരു വെടിവെപ്പിന് പിന്നാലെ 2018 ഓഗസ്റ്റിലാണ് ധാഗര്‍ അറസ്റ്റിലാകുന്നത്.
അതേസമയം ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ കൂടുതല്‍ പങ്ക് അന്വേഷിച്ചുവരുകയാണ് പോലീസ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്‌ണോയ് സംഘാംഗമെന്ന് കരുതുന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം എന്‍.ഐ.എയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 700 ഓളം ഷൂട്ടര്‍മാരുമായാണ് ബിഷ്‌ണോയ് ഗാങ് പ്രവര്‍ത്തിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ പാതയാണ് ഇവര്‍ പിന്തുടരുന്നതെന്നും എന്‍.ഐ.എ പറയുന്നു.

salman khan Lawrence Bishnoi