ന്യൂഡൽഹി: യുഎസിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.2023-ൽ ക്ലീവ്‌ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനായി പോയ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ അർഫാത്ത് (25)ആണ് മരിച്ചത്.ഒഹായോയിലെ ക്ലീവ്‌ലാൻഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മൂന്നാഴ്ചയായി അർഫാത്തിനെ കാണാനില്ലായിരുന്നു.യുവാവിന്റെ കുടുംബവുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തെ കണ്ടെത്താൻ പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കോൺസുലേറ്റ് നേരത്തെ പറഞ്ഞിരുന്നു.യുവാവിനായി അന്വേഷണം തുടരുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.യുവാവിന്റെ മരണത്തിൽ വേദനയുണ്ടെന്നും കുടുംബത്തിന് ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് എക്‌സിൽ കുറിച്ചു.
അതെസമയം മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ പ്രാദേശിക ഏജൻസികളുമായി ബന്ധപ്പെട്ടതായും, മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായവും കുടുംബത്തിന് നൽകുമെന്നും കോൺസുലേറ്റ് പോസ്റ്റിൽ വ്യക്തമാക്കി.
മാർച്ച് ഏഴിനാണ് ഇരുവരും അവസാനമായി സംസാരിച്ചതെന്നും തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നെന്നും യുവാവിന്റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു.
മാർച്ച് 19 ന് ഒരു അജ്ഞാത ഫോൺകോൾ വന്നിരുന്നു. മയക്കുമരുന്ന് വിൽക്കുന്ന ഒരു സംഘം അർഫാത്തിനെ തട്ടിക്കൊണ്ടുപോയതായും,മോചനദ്രവ്യമായി 1,200 ഡോളറും ആവശ്യപ്പെട്ടു.കനോട് സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ വിളിച്ചയാളോട് ആവശ്യപ്പെട്ടപ്പോൾ അയ്യാൾ വിസമ്മതിച്ചു. സലീം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അതെസമയം ഈ വർഷം യുഎസിൽ നിരവധി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെയാണ് ഇത്തരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായുള്ള മരണങ്ങൾ യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.നിരവധി വിദ്യാർത്ഥികളുടെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമാണ് യുഎസ്. യുഎസിൻ്റെ കണക്കനുസരിച്ച് 2022-2023 വർഷം 2.6 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ 35 ശതമാനം വർധനവായിരുന്നു ഇത്.