അണ്ണാ സര്‍വകലാശാല ലഡാക്കില്‍ ഡ്രോണ്‍ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കുന്നു. ബെംഗളൂരുവില്‍ റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓര്‍ഗനൈസേഷന്‍ ശാഖ തുറന്നതിനു പിന്നാലെയാണ് ഈ തീരുമാനം. ആര്‍.പി.ടി.ഒ.യുടെ കീഴിലാണ് ലഡാക്ക് സര്‍വകലാശാലയിലെ ലേ കാംപസില്‍ പരിശീലനകേന്ദ്രം സജ്ജമാക്കുക. സ്ഥലം ഉള്‍പ്പെടെയുള്ള സൗകര്യമെല്ലാം ലഡാക്ക് സര്‍വ്വകലാശാല ഒരുക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചാല്‍ രണ്ടു മാസത്തിനകം പരിശീലനകേന്ദ്രം ആരംഭിക്കാനാണ് തീരുമാനം.
കേന്ദ്ര പ്രതിരോധസേനയുടെ ഡ്രോണ്‍ എക്‌സ്‌പോയില്‍ അണ്ണാ സര്‍വകലാശാലയിലെ പ്രതിനിധികളെത്തിയപ്പോഴാണ് ഡ്രോണ്‍ പരിശീലനകേന്ദ്രം തുടങ്ങാനുള്ള ആഗ്രഹം ലഡാക്ക് സര്‍വകലാശാല അറിയിക്കുന്നത്. ലഡാക്ക് പോലുള്ള പ്രദേശത്ത് ഡ്രോണുകളുടെ ഉപയോഗം നിര്‍ണായകമാണെന്നു മനസ്സിലാക്കിയാണ് അണ്ണാ സര്‍വകലാശാല സഹകരണം ഉറപ്പുനല്‍കിയത്.