ചണ്ഡീഗഢ്: തിരഞ്ഞെടുപ്പുസമയത്ത് വിവിധ സംസ്ഥാനങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കോൺഗ്രസിന് സാധിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുരുഗ്രാമിലെ ബാദ്ഷാപുരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പുറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഹിമാചലിനും കർണാടകയ്ക്കും തെലങ്കാനയ്ക്കും നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.
‘‘പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനവും ബി.ജെ.പി. നൽകാറില്ല. രാഹുലിനും കൂട്ടർക്കും വികസനം കൊണ്ടുവരാനാവില്ല. ഹരിയാണയുടെ വികസനം ഉറപ്പാക്കുന്നത് ഇരട്ട എൻജിൻ സർക്കാരാണ്. വഖഫ് ബോർഡിലെ നിലവിലെ നിയമനിർമാണത്തിൽ പോരായ്മകളുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അത് ഭേദഗതി ചെയ്യും.
ഹരിയാണയിൽ കോൺഗ്രസ് പ്രചാരണ പരിപാടികളിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം മുഴങ്ങുന്നുണ്ട്. പ്രീണന രാഷ്ട്രീയംകൊണ്ട് കോൺഗ്രസ് അന്ധരായി. ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് വിളിക്കുമ്പോൾ രാഹുൽ ഗാന്ധി എന്തിനാണ് മിണ്ടാതിരുന്നത്. കശ്മീർ നമ്മുടേതാണോ അല്ലയോ - എന്നും അമിത് ഷാ ചോദിച്ചു.