ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ തീർഥാടന യാത്രകളിലൊന്നായ അമർനാഥ് യാത്രയ്ക്കുള്ള ഹെലികോപ്റ്റർ ബുക്കിങ് ആരംഭിച്ചു. വാൽത്താൽ, പഹൽഗാം എന്നീ രണ്ട് പാതകളിലും ഹെലികോപ്റ്റർ സർവീസ് ലഭ്യമാണെന്ന് ശ്രീ അമർനാഥ് ക്ഷേത്രം ബോർഡ് അധികൃതർ അറിയിച്ചു. 52 ദിവസം നീണ്ടു നിൽക്കുന്ന അമർനാഥ് യാത്ര ജൂൺ 29 നാണ് ആരംഭിക്കുക
https://jksasb.nic.in/ എന്ന സൈറ്റിലൂടെ ഹെലികോപ്റ്റർ സർവീസ് ബുക്ക് ചെയ്യാം. ഓഫ്‌ലൈൻ ടിക്കറ്റുകളോ, പ്രയോറിറ്റി ബുക്കിങ് സേവനങ്ങളോ അനുവദിക്കില്ലെന്നും ക്ഷേത്രം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. പഹൽഗാം വഴിയുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 4,900 രൂപയാണ്. റൗണ്ട് ട്രിപ്പിന് 9,800 രൂപയും നൽകണം. വാൽത്താൽ വഴിയുള്ള യാത്രയ്ക്ക് 3,250, 6,500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
യാത്രാ സമയത്ത് തീർഥാടകർ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും ശാരീരികക്ഷമത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കരുതണം. തങ്ങൾക്ക് ലഭിച്ച യാത്രാസമയത്തിന്റെ 30 മിനിറ്റ് മുൻപ് ഹെലിപ്പാടുകളിൽ റിപ്പോർട്ട് ചെയ്യണം. തീർഥാടകർക്ക് ഭക്ഷണവും വെള്ളവും നൽകാനായി അമർനാഥ് ഗുഹയ്ക്ക് സമീപത്തായി 125 സാമൂഹിക അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ ഉൾപ്പടെയുള്ളവർ കത്രയിലെത്തി തയ്യാറെടുപ്പുകൾ വിലയിരുത്തി