കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം

ഇരു പാര്‍ട്ടികളും തുടര്‍ ചര്‍ച്ചകള്‍ നടത്തിയശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും വരും ദിവസങ്ങളിലും ചര്‍ച്ച തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

author-image
anumol ps
New Update
jammu

ശ്രീനഗറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവരുമായി ചര്‍ച്ച നടത്തുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സഖ്യം. ജമ്മു കശ്മീരില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മുഴുവന്‍ സീറ്റുകളിലും ഇരുപാര്‍ട്ടികളും സഖ്യത്തില്‍ മത്സരിക്കുമെന്നാണ് സൂചന.

സഖ്യം സംബന്ധിച്ച ഇരു പാര്‍ട്ടികളും തത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നേതാക്കള്‍ കഴിഞ്ഞദിവസം രാത്രി ശ്രീനഗറില്‍ യോഗം ചേര്‍ന്നിരുന്നു. കശ്മീരില്‍ കോണ്‍ഗ്രസ് 12 സീറ്റുകളില്‍ മത്സരിക്കുകയും ജമ്മുവില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 12 സീറ്റുകള്‍ നല്‍കുകയും ചെയ്യുക എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതെന്നാണ് സൂചന.

ഇരു പാര്‍ട്ടികളും തുടര്‍ ചര്‍ച്ചകള്‍ നടത്തിയശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുകയെന്നും വരും ദിവസങ്ങളിലും ചര്‍ച്ച തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം യാഥാര്‍ഥ്യമായാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുന്നതാകും എന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബര്‍ 18-ന് ആണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. 10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ജമ്മു കശ്മീര്‍ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമായത്. അതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ രാഷ്ട്രീയപ്രധാന്യമാണുള്ളത്.

കശ്മീര്‍ മേഖലയില്‍ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സുമാണ് പ്രബല ശക്തികള്‍. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ട ശേഷമുള്ള തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജീവന്മരണ പോരാട്ടമാണ്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള അഞ്ച് സീറ്റില്‍ നാഷണല്‍ കോണ്‍ഫറന്‍സ് രണ്ട് സീറ്റിലും ബി.ജെ.പി. രണ്ട് സീറ്റിലുമാണ് ജയിച്ചത്.

jammu kashmir election